കൽപ്പറ്റ: വിശ്വാസത്തെ ബി.ജെ.പി വോട്ടുപിടിക്കാനുള്ള ആയുധമാക്കി മാറ്റിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ ശക്തമായി നടപടിയെടുക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ കത്ത് മുഖ്യമന്ത്രി കാണിച്ചിരിക്കുകയാണ്. ഇതിപ്പോഴല്ല പറയേണ്ടിയിരുന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുകളിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
പ്രചാരണ പരിപാടികൾ അവസാനിക്കുന്ന ഘട്ടത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കു നേരെ തലപ്പുഴയിലും കമ്പളക്കാടും പൊലീസ് നടത്തിയ ലാത്തിച്ചാർജ് അപലപനീയമാണ്. ഇക്കാര്യം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് എ.കെ. ആന്റണിയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. സംസ്ഥാനവ്യാപകമായി സി.പി.എം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതു സീറ്റുകളും യു.ഡി.എഫിന് ലഭിക്കാനുള്ള രാഷ്ട്രീയാന്തരീക്ഷമാണ് നിലവിലുള്ളത്. വയനാട്ടിൽ രാഹുൽഗാന്ധി റെക്കാഡ് ഭൂരിപക്ഷത്തോടെ വിജയിക്കും. പരാജയഭീതി കാരണമുള്ള അങ്കലാപ്പുകൊണ്ട് ബി.ജെ.പി രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുകയാണ്. മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചാൽ സസ്‌പെൻഷനും, കർണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ പരിശോധിച്ചാൽ പ്രൊമോഷനും നൽകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.