കൽപ്പറ്റ: വേനൽമഴ ഇങ്ങനെ പെയ്താൽ എന്ത് ചെയ്യും?. വയനാട് മണ്ഡലത്തിൽ എല്ലാ മുന്നണികൾക്കും ഏതാണ്ട് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്. ഇന്ന് ഒരു ദിവസമെങ്കിലും വേനൽമഴ പെയ്യരുതേ എന്നാണ് എല്ലാ മുന്നണികളും ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയൊരു പോളിംഗ് ശതമാനത്തിനാണ് വയനാട് മണ്ഡലത്തിലെ മുന്നണികൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് വയനാട്ടിൽ വേനൽമഴ തകർത്ത് പെയ്യുകയാണ്. മഴ മാത്രമല്ല, കാറ്റും ഇടി മിന്നലും അനുഭവപ്പെടുന്നുണ്ട്. ഇന്ന് അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഇത് കണക്കിലെടുത്ത് ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ടർമാർ ബൂത്തുകളിലെത്തി വോട്ട് ചെയ്യണമെന്ന് എല്ലാ മുന്നണികളും വോട്ടർമാരോട് അഭ്യർത്ഥിക്കുന്നുണ്ട്. വേനൽമഴ ശക്തമായാൽ പോളിംഗ് ശതമാനം കുറയാൻ സാദ്ധ്യതയുണ്ട്. അത് ആരെ തുണയ്ക്കുമെന്ന കാര്യത്തിലും ഇവിടെ ഇപ്പോൾ തർക്കമാണ്. മുന്നണികൾ തങ്ങളുടെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിക്കാനുളള തകൃതിയായ ഒരുക്കത്തിലാണ്. വേനൽമഴയെ ആശ്രയിച്ചാണ് വയനാട്ടിലെ എല്ലാ കാര്യങ്ങളും. എല്ലാം കണ്ടറിയുക തന്നെ.