കോഴിക്കോട്: കേരളം ബൂത്തിലേക്ക് ഒഴുകിയപ്പോൾ ഒഴുക്ക് തടഞ്ഞ് വോട്ടിംഗ് യന്ത്രങ്ങൾ. രാവിലെ മുതൽ ബൂത്തിലേക്ക് ഓടുകയായിരുന്ന ജനങ്ങളുടെ ഒഴുക്കാണ് വോട്ടിംഗ് യന്ത്രങ്ങളിൽ ഇടയ്ക്കിടെ വന്ന തകരാറുകൾ മൂലം ഇല്ലാതാക്കിയത്.
പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് ജനജീവിതം ദുരിതത്തിലാക്കി. തുടക്കം മുതൽ തന്നെ വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായിരുന്നു. അതിനാൽ 7 മണിക്ക് തുടങ്ങേണ്ട പോളിംഗ് ബൂത്തിലെ പ്രവർത്തനങ്ങൾ പല സ്ഥലങ്ങളിലും തുടങ്ങാൻ എട്ടു മണി കഴിഞ്ഞു. നേരത്തെ വന്ന് വേഗം വോട്ട് ചെയ്ത് പോവാം എന്ന് കരുതി ഏഴു മണിയോടെ ബൂത്തിലെത്തിയവർ ഇതോടെ കുടുങ്ങി.
ചെറിയ വരികളായി തുടങ്ങിയത് പോളിംഗ് നിലച്ച് കാത്തിരിപ്പിലേക്ക് നീണ്ടതോടെ വരിയുടെ നീളവും കൂടി. ബെഞ്ചും കസേരകളും തിരഞ്ഞുപിടിച്ചും കടലാസുകൾ നിലത്ത് വിരിച്ചും നിൽപ്പ് ഇരിപ്പിലേക്കും വഴിമാറി. വോട്ടിംഗ് മെഷീനെല്ലാം ശരിയായിട്ട് വരാം എന്ന് പറഞ്ഞ് മടങ്ങുന്നവരും ഉണ്ടായിരുന്നു.
ഉദ്യോഗസ്ഥരാണ് കൂടുതലായും പ്രയാസങ്ങളനുഭവിച്ചത്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തേക്ക് പോവേണ്ടവർ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതോടെ മണിക്കൂറുകളോളം ബൂത്തിൽ കാത്തിരിക്കേണ്ട അവസ്ഥ വന്നു. തുടക്കത്തിൽ പ്രവർത്തിച്ച വോട്ടിംഗ് മെഷീനുകൾ കുറച്ച് കഴിഞ്ഞപ്പോൾ പ്രവർത്തനം നിലക്കുകയും പിന്നീട് അത് പ്രവർത്തനക്ഷമമാക്കി വീണ്ടും പോളിംഗ് തുടങ്ങേണ്ട അവസ്ഥയുമായിരുന്നു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ ഇടയ്ക്കിടെ പ്രവർത്തനരഹിതമായത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിച്ചു.
ഇതിനിടയിലേക്ക് പ്രായമായവരും വികലാംഗരും കൂടെ എത്തിയതോടെ ബൂത്തിലെ തിരക്കും പ്രയാസങ്ങളും വർദ്ധിച്ചു. മുൻപ് കാലങ്ങളിൽ നിന്ന് വോട്ട് ചെയ്യാൻ കൂടുതൽ സമയമെടുത്തതും ജനങ്ങളുടെ ക്ഷമ കെടുത്തുന്നുണ്ടായിരുന്നു. ജില്ലയിൽ പലയിടങ്ങളിലും ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് വ്യാപക പരാതി ഉയർത്തിയിട്ടുണ്ട്.
"വീട്ടിൽ പണിക്കാർ ഉള്ളതാണ്. അവർ വരുന്നതിന് മുൻപ് വോട്ടു ചെയ്ത് പോവാം എന്നു കരുതിയാണ് വന്നത്. ഇപ്പോൾ രണ്ടു മണിക്കൂറായി കാത്തിരിക്കുകയാണ്. വോട്ടു ചെയ്യാനല്ല, വോട്ടിംഗ് മെഷീനിലെ തകരാറ് പരിഹരിച്ച് പോളിംഗ് തുടങ്ങുന്നതിന്. തിരിച്ച് പോയി പണിക്കാരെല്ലാം പണി കഴിഞ്ഞ് പോയതിനു ശേഷം വന്ന് വോട്ട് ചെയ്താലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്".
- ബാലൻ (എയ്ഡഡ് മാപ്പിള യു.പി സ്കൂൾ നടുവണ്ണൂർ)