election15

കൽപ്പറ്റ: മാവോയിസ്റ്റ് ഭീഷണി, വോട്ടിംഗ് മെഷീനുകളുടെ പണിമുടക്ക്, തലേന്നുരാത്രി മുഴുവൻ തിമിർത്തുപെയ്‌ത പെരുമഴ... പക്ഷേ, വയനാട്ടുകാർ അതൊന്നും വകവച്ചില്ല. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമാണ് വയനാട് മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയരാൻ കാരണമെന്ന് യു.ഡി.എഫ് വാദിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ അതു വകവച്ചുകൊടുക്കാൻ തയ്യാറല്ല, എൽ.ഡി.എഫും ബി.ജെ.പിയും.

കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഉയർന്ന പോളിംഗ് ആണ് ഇത്തവണ വയനാട്ടിൽ. അതിൽ മൂന്നു മുന്നണികളും ഒരുപോലെ വിജയസാദ്ധ്യത കണ്ടെത്തുന്നു. രാഹുൽ ഗാന്ധിക്കു വേണ്ടി വോട്ടു ചെയ്യാൻ ചെറുപ്പക്കാർ അട‌ക്കം കൂട്ടത്തോടെ എത്തിയതുകൊണ്ടാണ് പോളിംഗ് ശതമാനം ഉയർന്നതെന്ന് യു.ഡി.എഫ് പറയുന്നു. എന്നാൽ രാഹുൽ തരംഗത്തെ പ്രതിരോധിക്കാൻ മുഴുവൻ വോട്ടർമാരെയും തങ്ങൾ പോളിംഗ് ബൂത്തിലെത്തിച്ചതുകൊണ്ടാണ് പോളിംഗ് വർദ്ധിച്ചതെന്നാണ് ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും അവകാശവാദം.

എൽ.ഡി.എഫിലെ പി.പി.സുനീർ, എൻ.ഡി.എയിലെ തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് മത്സരരംഗത്തെ മറ്റ് പ്രമുഖർ. 13,57,819 വോട്ടർമാരാണ് വയനാട് മണ്ഡലത്തിൽ. 2009-ൽ വയനാട് ലോക്‌സഭാ മണ്ഡലം നിലവിൽ വന്ന ആദ്യ തിരഞ്ഞെടുപ്പിൽ 74.74 ശതമാനമായിരുന്നു പോളിംഗ്. അന്ന് യു.ഡി.എഫിലെ എം.ഐ.ഷാനവാസന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിലധികം. 2014-ൽ പോളിംഗ് ശതമാനം അൽപ്പം കുറഞ്ഞു- 73.25. ഷാനാവസിന്റെ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു.

ഇന്നലെ അദ്ധരാത്രി മുതൽ പുലർച്ചെ വരെ വയനാട് ജില്ലയിലാകെ പെരുമഴയായിരുന്നു. ശക്തമായ കാറ്റും ഇടിയും മിന്നലും. നേരം വെളുത്തു തുടങ്ങിയതോടെയാണ് മാനം തെളിഞ്ഞു തുടങ്ങിയത്. നേരത്തേ തന്നെ വേനൽമഴ ശക്തമായിരുന്നതിനാൽ രാവിലെ തന്നെ വോട്ടു ചെയ്യാൻ രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരോട് അഭ്യർത്ഥിച്ചിരുന്നു. ഉച്ചയോടെ തന്നെ പോളിംഗ് ശതമാനം അമ്പതു കടന്നു. മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതുകൊണ്ട് വനമേഖലയോടു ചേർന്നുള്ള ഏതാനും ബൂത്തുകൾ ബി.എസ്.എഫ്, തണ്ടർബോൾട്ട് സേനകളുടെ നിയന്ത്രണത്തിലായിരുന്നു.