കോഴിക്കോട്: കോഴിക്കോട് പാർലമെൻറ് മണ്ഡത്തിൽ ത്രികോണ മത്സരമില്ലെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി എ. പ്രദീപ്‌കുമാർ പറഞ്ഞു. ഇവിടെ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. സംസ്ഥാനത്ത് അപൂർവം മണ്ഡലങ്ങളിൽ മാത്രമെ ത്രികോണ മത്സരമുള്ളു.
ചുങ്കം വെസ്റ്റ് ഹിൽ ഗവ. യു. പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന വോട്ടിംഗ് ശതമാനം ഇടത് മുന്നണിയെ ഒരു തരത്തിലും ദോഷമായി ബാധിക്കില്ല. ഉയർന്ന വോട്ടിംഗ് ശതമാനം ഉയർന്ന ജനാധിപത്യ ബോധമാണ് പ്രകടമാക്കുന്നത്. ഇത് ഇടത് മുന്നണിക്ക് അനുകൂലമാകാനാണ് സാദ്ധ്യത. ക്രോസ് വോട്ടിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് വരെ ശ്രദ്ധയിൽപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി കോഴിക്കോട് വന്നിട്ടും ബി.ജെ.പിക്ക് ഉള്ള വോട്ട് പോലും ലഭിച്ചില്ലെങ്കിൽ ക്രോസ് വോട്ട് നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം പ്രദീപ്‌കുമാർ വിശദീകരിച്ചു.
രാവിലെ ഒമ്പത് മണിക്കാണ് പ്രദീപ്‌കുമാർ ബൂത്തിൽ എത്തിയത്. അപ്പോഴേക്കും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കേണ്ടത് കൊണ്ട് വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹം ക്യൂവിൽ നിൽക്കുന്നവരോട് പറഞ്ഞു. ആരും എതിർപ്പ് പ്രകടിപ്പിക്കാത്തത്കൊണ്ട് അദ്ദേഹം വോട്ട് ചെയ്ത് മടങ്ങുകയാണ് ചെയ്തത്.