പേരാമ്പ്ര : മാവോയിസ്റ്റ് ഭീഷണിയുള്ള പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ മലയോര മേഖലകളിലെ ബൂത്തുകളിൽ വൻ സുരക്ഷയിൽ സമാധാനപരമായി പോളിംഗ് നടന്നു. വയനാട് മേഖലയോട് ചേർന്ന് കിടക്കുന്ന പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആറോളം പോളിംഗ് സ്റ്റേഷനുകളിലാണ് മാവോയിസ്റ്റ് ഭീഷണികരണം വൻ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചാത്തിലെ പെരുവണ്ണാമൂഴി കെ.വൈ.ഐ.പി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസ്, കെ.വൈ.ഐ.പി അസി. എഞ്ചിനീയർ ഓഫീസ്, മുതുകാട് കളക്ടീവ് ഫാം യു.പി സ്‌കൂൾ, പേരാമ്പ്ര പ്ലാന്റേഷൻ എച്ച്.എസ്, ഐ.സി.യു.പി സ്‌കൂൾ പൂഴിത്തോട്, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കക്കയം എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകളായി കണ്ടെത്തിയത്. ഓരോ ബുത്തിലും ആർ.പി.എഫ്, തമിഴ്നാട് പൊലീസ്, കേരള പൊലീസ് എന്നിവയുടെ 25 ൽ പരം സായുധ സേനാംഗങ്ങൾ സുരക്ഷ ഒരുക്കിയിരുന്നു. എല്ലാ ബൂത്തുകളിലും രാവിലെ തന്നെ സ്ത്രീകളടക്കമുള്ളവരുടെ നീണ്ട ക്യൂ ദൃശ്യമായി.