കുന്ദമഗലം:കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂളിലെ 21,24 ബൂത്തുകളിൽ അതി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവർ വോട്ട് ചെയ്യാനാവാതെ വലഞ്ഞു. വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ ഇരു ബൂത്തുകളിലും രണ്ട് മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് തുടങ്ങിയത്. രാവിലെ തന്നെ വോട്ട് ചെയ്ത് പണിക്ക് പോകാമെന്ന് കരുതിയവരാണ് വലഞ്ഞത്. ചിലർ വോട്ട് ചെയ്യാൻ നിൽക്കാതെ സ്ഥലം വിട്ടു. മറ്റ് ചിലരാകട്ടെ വരിയിൽ തന്നെ നിന്നു. രണ്ടരമണിക്കൂറും മൂന്ന് മണിക്കൂറും വരിയിൽ നിന്ന ശേഷമാണ് വോട്ട് രേഖപ്പെടുത്താനായത്. വൈകി തുടങ്ങിയ ബൂത്തുകളിൽ പിന്നെ തിരക്കൊഴിഞ്ഞില്ല. വൈകുന്നേരം കൃത്യം ആറ് മണിക്ക് തന്നെ സ്ക്കൂൾ ഗെയിറ്റ് പൊലീസ് അടച്ച് പൂട്ടി. അപ്പോഴും വരിയിൽ മുന്നൂറോളം ആളുകളുണ്ടായിരുന്നു. രാവിലെ വരിയിൽ നിന്ന് വോട്ട് ചെയ്യാതെ മടങ്ങിയ പലർക്കും ആറ് മണിക്ക് ശേഷം വന്നതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.