# കോഴിക്കോട് 76.83 ശതമാനവും വടകര 77.43 ശതമാനവും പോളിംഗ്

കോഴിക്കോട്: സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ ജില്ലയിലും കനത്ത പോളിംഗ്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചെങ്കിലും ആവേശം ഒട്ടും കുറഞ്ഞില്ല. ജനങ്ങൾ മണിക്കൂറുകളോളം കാത്ത് നിന്നാണ് തങ്ങളുടെ സമ്മതിദാനാവകശം വിനിയോഗിച്ചത്.

എടക്കാട് യൂണിയൻ എൽ.പി സ്‌കൂളിൽ ഒരു യുവാവ് വോട്ടിംഗ് മെഷീനും വി.വിപാറ്റും തല്ലിപ്പൊളിക്കുകയും പരപ്പിൽ സ്‌കൂളിൽ കള്ളവോട്ട് എന്ന് ആരോപിച്ച് രണ്ട് വിഭാഗക്കാർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതൊഴിച്ചാൽ തികച്ചും സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ്.

ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് കോഴിക്കോട് മണ്ഡലത്തിൽ 76.83 ശതമാനവും വടകര മണ്ഡത്തിൽ 77.43 ശതമാനവുമാണ് വോട്ടിംഗ് നില. ഇത് ഇനിയും വർദ്ധിക്കും.

അതിരാവിലെ തന്നെ കനത്തപോളിംഗാണ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ദൃശ്യമായത്.

വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ കോഴിക്കോട് , വടകര നിയോജകമണ്ഡലങ്ങളിൽ 4.66 ഉും 4.31 ഉു മായിരുന്നുപോളിംഗ് ശതമാനം. കോഴിക്കോട് മണ്ഡലത്തിൽ കൊടുവള്ളിയിലായിരുന്നു ഏറ്റവും കൂടുതൽ പോളിംഗ് ആറുശതമാനം. എട്ടരയോടുകൂടി വടകരയിൽ 6.51, കോഴിക്കോട്ട് 5.28 മായി പോളിംഗ് നില. പത്തുമണി പിന്നിട്ടോടെ കനത്തപോളിംഗിലെത്തി. പോളിംഗ് ശതമാനം. കോഴിക്കോട്18.23, വടകര 17.74 ആയി ശതമാനം. വോട്ടെടുപ്പ് അവസാനിക്കുന്ന സമയമായ ആറിന് കോഴിക്കോട്ട് 73.17 ശതമാനംപേരും വടകരയിൽ 73.44 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. വോട്ടേഴ്‌സ് മെഷീന്റെ കേടാകലും മറ്റും കാരണം ആറു മണിക്ക് ശേഷവും നൂറുകണക്കിനുപേരെ വോട്ട് ചെയ്യുവാൻ ക്യൂവിൽ നിർത്തിച്ചു. കോഴിക്കോട് ജില്ലയിൽപ്പെട്ട വയനാട് മണ്ഡലത്തിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ 76.65 ആണ് വൈകീട്ട് ആറിലെ വോട്ടിംഗ് നില. പലയിടത്തും വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ വോട്ടർമാരെ മുഷിപ്പിച്ചാണ് വോട്ടേഴ്‌സ് മെഷീൻ തകരാറിലായത്. പതിവുപോലെ നേതാക്കളെല്ലാം നേരത്തെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ എംപി വോട്ട് ചെയ്യുന്ന ബൂത്തിൽ യന്ത്ര തകരാർമൂലം വോട്ടിംഗ് 24 മിനിട്ട് വൈകി. . സ്ത്രീകൾ പ്രിസൈഡിംഗ് ഓഫീസറമാരായുള്ള ബൂത്താണിത്. തുടക്കത്തിൽ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തപ്പോൾ ഇൻവാലിഡ് എന്നാണ് കാണിച്ചത്. തുടർന്ന് ടെക്‌നീഷ്യൻസ് എത്തിയപ്പോഴേക്കും യന്ത്രതകരാർ പരിഹരിക്കപ്പെട്ടിരുന്നു. നടുവട്ടം ചെനോത്ത് സ്‌കൂളിലെ 26 ാം നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂറിലധികമാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.

കൂരാച്ചുണ്ടണ്ട് പഞ്ചായത്തിലെ കക്കയം, കല്ലാനോട്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലെ അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രതകരാർ മൂലം വോട്ടിംഗ് സമയത്തിന് ആരംഭിക്കുവാൻ സാധിച്ചില്ല. കക്കയം ജി.എൽ.പി.സ്‌കൂളിലെ 62, നമ്പർ ബൂത്ത്, കല്ലാനോട് സെൻറ് തോമസ് ഹയർ സെക്കൻഡറി, സെൻറ് തോമസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ 65, 66 നമ്പർ ബൂത്ത്, കൂരാച്ചുണ്ട് ഹൈസ്‌കൂളിലെ 55,57 നമ്പർ ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. കോടഞ്ചേരി സെൻറ് ജോസഫ്‌സ് ഹൈ സ്‌കൂളിൽ ബൂത്ത് നമ്പർ 46 ൽ വോട്ടിംഗ് മെഷിന്റെ തകരാറിനെ തുടർന്ന് പോളിംഗ് വൈകി. മരഞ്ചാട്ടി130 ാം ബൂത്തിലെ മെഷീൻ തകരാറുമൂലം മാറ്റിയതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. കക്കാട് വില്ലേജ് പരിധിയിലെ കാരശ്ശേരി 149-ാം ബൂത്തിൽ മെഷീനിലെ 18 ,19 നമ്പറുകൾ പ്രവർത്തിക്കാത്തതിനാൽ വോട്ടിംഗ് തടസ്സപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ തന്നെ ജിഎൽപി സ്‌കൂൾ കുമാരനല്ലൂരിൽ 134 -ാം നമ്പർ പോളിംഗ് ബൂത്തിൽ അൻപത്തിരണ്ട് വോട്ട് പോൾ ചെയ്തപ്പോൾ 53 വിവിപാറ്റ് വന്നതോടെ പോളിംഗ് തടസ്സപ്പെട്ടു. രാവിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മോപ്പ് പോളിലാണ് തകരാർ കണ്ടെത്തിയത്. 52 മോപ്പ് പോൾ ചെയ്തപ്പോൾ 53 വിവിപാറ്റ് കണ്ടതോടെ പോളിങ് തടസ്സപ്പെടുകയായിരുന്നു. തകരാർ പരിഹരിച്ച് 8 മണിയോടെ വോട്ടിംഗ് ആരംഭിച്ചു. ആനയാംകുന്ന് 147 ആം ബൂത്തിൽ മെഷീൻ തകരാറുമൂലം പോളിംഗ് ഏറെ നേരം തടസ്സപ്പെട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി എംഎഎംഒ കോളേജിലെ 124 -ാം ബൂത്തിൽ മെഷീൻ തകരാറുമൂലം വോട്ടെടുപ്പ തടസ്സപ്പെട്ടു. തുടർന്ന് മറ്റൊരു മിഷൻ കൊണ്ടുവന്നെങ്കിലും മെഷീനിൽ തിയതി തെറ്റായതിനാൽ ഏറെ വൈകിയാണ് വോട്ടെടുപ്പ് നടന്നത്. മുക്കം നഗരസഭയിലെ ഡോൺ ബോസ്‌കോ കോളേജ് ബൂത്ത് 110 ൽ വോട്ടിംഗ് മെഷീൻ തകരാർ കാരണം 2 മണിക്കൂർ വോട്ടെടുപ്പ് വൈകി. 9 മണിയോടെ തകരാർ പരിഹരിച്ച് പോളിംഗ് ആരംഭിക്കുകയായിരുന്നു. ഇതുപോലെ തലക്കുളത്തൂർ പഞ്ചായത്തിലെ അണ്ടിക്കോട് ബി.ഇ.എം.എൽ.പി സ്‌കൂൾ ബൂത്ത് പത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനാൽ ഉച്ചക്ക് 2.17ന് വോട്ടെടുപ്പ് നിർത്തിവച്ചു. പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. വടകര മേഖലയിൽ അക്രമ സംഭവങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെതുടർന്ന് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.