മുക്കം: തിരഞ്ഞെടുപ്പു പ്രചരണത്തിലും പരസ്യപ്രചരണത്തിന്റെ സമാപനമായ കലാശക്കൊട്ടിലുമെല്ലാമെന്ന പോലെ വോട്ടെടുപ്പിലും സമാധാനവും സംയമനവും കൈവിടാതെ മലയോര മേഖല. വയനാടിന്റെ ഭാഗമായ തിരുവമ്പാടി മണ്ഡലത്തിൽ മിക്ക ബൂത്തുകളിലും രാവിലെ മുതൽ നല്ല തിരക്കനുഭവപ്പെട്ടു. വോട്ടിങ് മെഷീൻ പണി മുടക്കിയത് പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെടാനും നിശ്ചിത സമയത്ത് വോട്ടെടുപ്പ് അവസാനിപ്പിക്കാനാവാത്തതുമായ സ്ഥിതിയുണ്ടാവാനും കാരണമായി. കാരശ്ശേരി പഞ്ചായത്തിലെ പല പോളിങ് ബൂത്തുകളിലും മെഷീൻ തകരാർ ബാധിച്ചു. ബൂത്ത് നമ്പർ130,149, 147 ,134 മെഷീൻ തകരാറ് മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാരശ്ശേരി 149-ൽ വോട്ടിങ് മെഷീനിലെ 18 ,19 നമ്പറുകൾ പ്രവർത്തിക്കാത്തതിനാലാണ് വോട്ടിങ് തടസ്സപ്പെട്ടത്. കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ എൽ പി സ്കൂളിൽ 134 ആം നമ്പർ പോളിങ് ബൂത്തിൽ അൻപത്തിരണ്ട് വോട്ട് പോൾ ചെയ്തപ്പോൾ വിവിപാറ്റ് 53 ആയതു മൂലം വോട്ടെടുപ്പ് സ്തംഭിച്ചു. രാവിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ മോപ്പ് പോളിങ്ങിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിച്ച് 8 മണിയോടെ വോട്ടിങ് പുനരാരംഭിച്ചു. ആനയാംകുന്ന് 147 ആം ബൂത്തിൽ മെഷീൻ തകരാറുമൂലം പോളിങ് ഏറെ നേരം തടസ്സപ്പെട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി എംഎഎംഒ കോളേജിലെ 124 നമ്പർ ബൂത്തിൽ മെഷീൻ തകരാറുമൂലം വോട്ടെടുപ്പ്തടസ്സപ്പെട്ടു. തുടർന്ന് മറ്റൊരു മെഷീൻ കൊണ്ടുവന്നെങ്കിലും മെഷീനിൽ തിയ്യതി തെറ്റായതിനാൽ ഏറെ വൈകിയാണ് വോട്ടെടുപ്പ് ആരംഭിക്കാനായത്. മുക്കം നഗരസഭയിലെ നിലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ 108 നമ്പർ ബൂത്തിൽ മെഷീൻ തകരാറ് മൂലം വോട്ടിംഗ് തടസ്സപ്പെട്ടു. എട്ടു മണിയോടെയാണ്തകരാർ പരിഹരിച്ച് വോട്ടെെടുപ്പ് ആരംഭിച്ചത്. മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ബൂത്ത് നമ്പർ 110 ൽ വോട്ടിംഗ് മെഷീൻ തകരാർ കാരണം വോട്ടെടുപ്പ് രണ്ടു മണിക്കൂർ വൈകി. കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ സ്കൂളിലെ 87 നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിലെ തകരാറ് മൂലം രണ്ടര മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. തിരുവമ്പാടി ആനക്കാം പൊയിലിലെ 56 നമ്പർ ബൂത്തിലും വോട്ടിംഗ് മെഷീനിലെ തകരാർ തന്നെയാണ് പ്രശനമായത്. വോട്ടിങ് മെഷീനിലെ തകരാർ കാരണം വോട്ടെടുപ്പിനുണ്ടായ കാലതാമസം ഒഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല.