വടകര: ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കേരളത്തിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ കഴിയാതെ കുഴങ്ങി. നിരവധി ബൂത്തുകളിൽ നിശ്ചയിച്ച 6 മണി വരെ ക്യൂ നിന്നതിൽ ടോക്കൻ ലഭിച്ചവർ വോട്ടു ചെയ്ത് തീരാൻ ചില ബൂത്തുകളിൽ പാതിരവരെ കാത്തിരിക്കേണ്ടി വന്നു. ഇത് കാരണം നാട്ടുകാരായ വോട്ടർമാർക്കൊപ്പം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായെത്തിയ ദൂരദിക്കിലെ ഉദ്യോഗസ്ഥർക്കും പെടാപ്പാടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ പാലിച്ച് പെട്ടിയിലായ വോട്ട് നിശ്ചിത കേന്ദ്രത്തിലെത്തിക്കേണ്ടുന്ന ചുമതലക്കാരായ പ്രിസേഡിംഗ് ഓഫീസർമാരാണ് ഏറെ പ്രയാസപ്പെട്ടത്. വൈകുന്നേരം ആറ് മണിക്ക് അവസാനിക്കേണ്ടിയിരുന്ന വോട്ടെടുപ്പ് രാത്രി ഏറെ വൈകിയും തുടരേണ്ടി വന്നത് പരിചിതമല്ലാത്ത സ്ഥലത്തായതും പ്രശ്നബാധിത ബൂത്തുകൾ എന്നതും പല ഉദ്യോഗസ്ഥരിലും ആകുലതയുണ്ടാക്കുന്നതായി. പ്രത്യേകിച്ച് രാജ്യത്തെ യാതൊരു വിധ വികസന കാര്യങ്ങളും ചർച്ച ചെയ്യാതെ ഒരു മാസക്കാലം വെറും അക്രമ രാഷ്ട്രീയം മാത്രം പ്രചരണ വിഷയമാക്കിയ വടകര മണ്ഡലത്തിൽ നിയമിതരായ ഉദ്യോഗസ്ഥർക്കാണ് വേവലാതി കണ്ടത്. ചിലർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ സ്ഥലത്തെ പരിചിതരെ വിളിച്ച് പ്രദേശത്തെ അവസ്ഥ തിരക്കുക വരെയുണ്ടായിരുന്നു. പ്രശ്നബാധിത ബൂത്തുകളിലടക്കം ബന്ധപ്പെട്ടവർ എല്ലാവിധ സംരക്ഷണ നടപടികളും സ്വീകരിച്ചിരുന്നതിനൊപ്പം ബൂത്തുകൾക്ക് സമീപം സ്ഥാനാർത്ഥികളുടെ പോസ്റ്റർ, കൊടിതോരണങ്ങളുടെ അലങ്കാരം ആകുലതക്ക് അല്പം ആശ്വാസമേകുന്നതായി.വി വി പാറ്റ് സംവിധാനത്തോടെ വോട്ടു ചെയ്ത് ബീപ്പ് ശബ്ദം ലഭിക്കാൻ സമയം കൂടുതൽ എടുത്തതാണ് പോളിങ് വൈകാൻ ഇടയായത്. മുമ്പ് വിരൽ തൊടുന്നതോടെ ബീപ് ശബ്ദം വരുമായിരുന്നു.