കോഴിക്കോട്: വെയിലേറ്റ് പൈപ്പിന്റെ ചോർച്ച അടച്ചിട്ട് കാര്യമില്ല, ജല അതോറിറ്റി കൂലി കൊടുക്കില്ല. ജില്ലയിലെ ജല അതോറിറ്റി കരാറുകാർക്ക് ലഭിക്കാനുള്ളത് 14 കോടിയോളം രൂപ. 13 മാസത്തെ ബിൽ തുകയാണ് മുടങ്ങി കിടക്കുന്നത്. അറ്റകുറ്റപ്പണി, പ്ലാൻ ഫണ്ട് ഇനത്തിൽ ചെയ്ത പ്രവൃത്തി എന്നിവയുടെ തുകയാണ് മുടങ്ങിയത്.
നേരത്തെ 16 മാസത്തെ തുക കുടിശികയായിരുന്നു. ഏപ്രിൽ 1 മുതൽ സമരം പ്രഖ്യാപിച്ചപ്പോൾ 3 മാസത്തെ ബിൽ തുക ലഭിച്ചു. ചെയ്ത പ്രവൃത്തിയുടെ പണം കിട്ടണമെങ്കിൽ സമരം പ്രഖ്യാപിക്കേണ്ട അവസ്ഥയാണെന്ന് കരാറുകാർ പരാതി പറയുന്നു. ചെറുകിട കരാറുകാർ ചെയ്യുന്ന പ്രവൃത്തികളുടെ തുകയ്ക്കാണ് മുടക്കം വരുന്നത്. വൻകിട പദ്ധതികളാണെങ്കിൽ പണം വേഗം നൽകാറുണ്ടെന്നും കരാറുകാർ പറയുന്നു. കോഴിക്കോട്, വടകര സബ് ഡിവിഷനുകളിലായാണ് അറ്റകുറ്റപ്പണിയുടെയും സംസ്ഥാന പ്ലാൻ ഫണ്ടിൽ ചെയ്ത പ്രവൃത്തികളുടെയും തുക മുടങ്ങിയിരിക്കുന്നത്. തുക ലഭിക്കാത്തതിനെതിരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ കരാറുകാരുടെ സംഘടന പ്രതിഷേധവുമായി വന്നിരുന്നു. സർക്കാർ തലത്തിൽ ചർച്ച നടത്തി കുടിശിക നൽകാമെന്ന് ഉറപ്പും ലഭിച്ചു. എന്നാൽ ഇതും പാലിക്കാതെ വന്നതോടെ സമരത്തിലേക്ക് തിരിഞ്ഞു.
കോഴിക്കോട് ഡിവിഷന് കീഴിൽ ഒരു മാസം ശരാശരി 40 ലക്ഷത്തോളവും വടകരയിൽ 30 ലക്ഷത്തോളവും രൂപയുടെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. റോഡിൽ കുഴി എടുക്കൽ, പൈപ്പ് നന്നാക്കൽ, പൈപ്പ് മാറ്റൽ, തൊഴിലാളികളുടെ കൂലി എന്നിവയെല്ലാം കഴിയുമ്പോഴേക്കും ജല അതോറിറ്റി കണക്കാക്കുന്ന തുക പോലും പോരാതെ വരുന്നു. ഒരു ജോലി എന്ന നിലയ്ക്കാണ് പലരും ഈ രംഗത്ത് പിടിച്ച് നിൽക്കുന്നത്.
എന്നാൽ ചെയ്ത പ്രവൃത്തിയുടെ തുകപോലും യഥാസമയം ലഭിക്കാത്തതിനാൽ ഈ രംഗത്ത് തുടരാൻ പലരും ഏറെ പ്രയാസപ്പെടുന്നു. കാരണം 12 മുതൽ 14 ശതമാനം വരെ പലിശയ്ക്ക് ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്താണ് ഏറെ പേരും പ്രവൃത്തി നടത്തുന്നത്. ഇങ്ങനെ ചെയ്തിട്ട് പോലും ഓരോ പ്രവൃത്തിയുടെയും ബിൽ തുക ലഭിക്കാൻ ഒരു വർഷത്തിലേറെ എടുക്കുന്നത് കടുത്ത പ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നതെന്ന് കരാറുകാർ പറയുന്നു.