കോഴിക്കോട്: ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പുതിയാപ്പ ഹാർബറിലെ പൊതു ഹാളിൽ ജില്ലാ കളക്ടർ സാംബശിവറാവു നിർവഹിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി മുഖ്യപ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ പ്രതിജ്ഞയും നിർവ്വഹിക്കും.

കേരളത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട മലമ്പനി രോഗം കഴിഞ്ഞ വർഷങ്ങളിലായി വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇറക്കുമതി മലമ്പനി കൂടാതെ തദ്ദേശീയമായി തന്നെയുളള മലമ്പനിയും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലമ്പനി രോഗം പരത്തുന്ന അനാഫിലിസ് കൊതുകുകളുടെ സാന്നിധ്യവും കേരളത്തിലുണ്ട്. കോഴിക്കോട് ജില്ലയിൽ തദ്ദേശീയ മലമ്പനിയും ഇറക്കുമതി മലമ്പനിയും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തലച്ചോറിനെ ബാധിക്കുന്ന മലമ്പനി മൂലമുളള മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊതുകുകടിയിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്. ഇടവിട്ടുളള പനി, വിറയൽ, തലവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഇതിനുളള ചികിത്സ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

'മലമ്പനി നിവാരണ ആരംഭം എന്നിൽ നിന്ന്' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. കൊതുക് നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഏപ്രിൽ 25 ലോക മലമ്പനി ദിനാചരണം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശ്രീകുമാർ മുകുന്ദൻ, ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവർ സംസാരിക്കും. ജില്ലാ മലേറിയ ഓഫീസർ കെ.പി പ്രകാശ്കുമാർ 'മലമ്പനിയും പ്രതിരോധ മാർഗങ്ങളും' എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുക്കും.