# എക്സൈസ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ - 04952372927.

# അബ്കാരി കേസുകൾ - കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ

2017 1174 - 255

2018 1033 - 261

2019 (ജനുവരി, ഫെബ്രുവരി, മാർച്ച്) 278 - 75

കോഴിക്കോട്: കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നും മദ്യവും ഒഴുകുന്നത് തടയാൻ സുരക്ഷ ശക്തമാക്കി എക്സൈസ് വകുപ്പ്. കേരളം, തമിഴ്നാട് ചെക്ക് പോസ്റ്റുകളിലടക്കം വാഹന പരിശോധനയും രാത്രികാല പരിശോധനയും വ്യാപകമാക്കി. ആദിവാസി, പട്ടിക ജാതി/പട്ടിക വർഗ കോളനികൾ, തീരദേശം, മലയോര മേഖലയിലെ മറ്റു പ്രദേശങ്ങളിലും ആഡംബര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ തുടങ്ങി റെയിൽവേ പൊലീസുമായ് സഹകരിച്ച് ട്രെയിനുകളിലും പരിശോധന കർശനമാക്കി. പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും ട്രെയിനുകളിൽ കടത്തുന്നതിനെ തുടർന്നാണ് ട്രെയിനുകളിൽ പരിശോധന നടത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ അനുസരിച്ച് നോക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിക്കുവാനാണ് സാധ്യത. തമിഴ്നാട്ടിൽ നിന്നും പാലക്കാട് നിന്നുമാണ് വൻ തോതിൽ മദ്യം എത്തുന്നത്. അതിനാൽ ഇവിടങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകളിൽ റാൻഡം ചെക്കിങ്ങുകളും സർപ്രൈസ് ചെക്കിങ്ങുകളും എക്സൈസ് വകുപ്പ് നടത്തുന്നുണ്ട്. എന്നാൽ ഇതര സംസ്ഥാനത്ത് നിന്നും വരുന്ന തൊഴിലാളികൾ കേരളത്തിലുടനീളമാണ് കഞ്ചാവ് വിൽപന നടത്തുന്നത്. ഒഡീഷ, ചത്തീസ്ഗഡ്, ബീഹാർ, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിലെ നക്സൽ കേന്ദ്രങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് കഞ്ചാവും മയക്കു മരുന്നും ധാരാളമായ് എത്തുന്നത്. ഉദ്യോഗസ്ഥന്മാർക്ക് സംസ്ഥാനം വിട്ട് പോയി അന്വേഷണം നടത്താനുള്ള പരിമിതി മൂലമാണ് ഇത്തരം കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം.

കഞ്ചാവ് മയക്കു മരുന്ന് കടത്തിന് പിന്നിൽ വിദ്യാർത്ഥികളെയാണ് ഉപയോഗിക്കുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ എം.കെ ഗിരിധരൻ പറയുന്നു. കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള വിൽപനക്കായാണ് വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നത്. സംസ്ഥാനത്തെ പല പ്രമുഖ കോളേജുകളിലും മയക്കു മരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടതിൽ ഭുരിഭാഗവും 30 വയസ്സിൽ താഴെയുള്ളവരാണ്. ആവശ്യക്കാരും ഇടനിലക്കാരും വിൽപനക്കാരും ചേർന്ന പ്രത്യേക വിൽപനയാണ് ആദ്യകാലത്ത് ഇവർക്കിടയിൽ ഉണ്ടായിരുന്നതെങ്കിൽ വിൽപനക്കാരും ആവശ്യക്കാരും മാത്രമായാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. മൊബൈൽ ഫോണുകൾക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. കഞ്ചാവ്, ന്യൂജൻ ഡ്രഗ്സ്, എം.ബി.എം.എ ക്രിസ്റ്റൽ രൂപത്തിലുള്ള ഗുളിക, എൽ.എസ്.ഡി സ്റ്റാമ്പ് എന്നീ ലഹരി വസ്തുക്കളാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. കേരളത്തിൽ 99.9 ശതമാനം ലഹരി ഉപയോഗം നടക്കുന്നത് ആഘോഷ വേളകളിലും ഉത്സവ സീസണിലും അവധിക്കാലത്തും ഡി.ജെ പാർട്ടികളിലുമാണ്. പിടിക്കപ്പെടാതിരിക്കുന്നതിനായ് വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴി പെട്ടന്നു സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾ ഇവർക്ക് വലിയ മറയാണ് ഒരുക്കുന്നത്.

വ്യാജ മദ്യ മയക്കു മരുന്ന് വിവിരങ്ങളെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അറിയിക്കുന്നതിനായ് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഓഫീസുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എക്സൈസ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ - 04952372927.

"ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ പെട്ടന്ന് ലഹരിക്ക് അടിമപെടാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ രക്ഷിതാക്കളും പൊതുസമൂഹവും യുവതലമുറയുടെമേൽ കരുതൽ വേണം. വീടുകളിൽ നിന്നുതന്നെ കുട്ടികൾക്ക് ധീരതയോടു കൂടി പ്രതികരിക്കാനുള്ള മാനസികമായ കരുത്ത് നേടികൊടുക്കണം".

- എം.കെ ഗിരിധരൻ (എക്സൈസ് ഇൻസ്പെക്ടർ)