കോഴിക്കോട്: ഓരോ നാടകങ്ങളും ഓരോ അനുഭവങ്ങളാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. മനുഷ്യ നിര്‍മ്മിത മതിലുകള്‍ക്കപ്പുറം ഉദാത്തമായ സ്‌നേഹത്തിന്റെ ഇടങ്ങളാണ് ഓരോ നാടകവേദിയും. അവധിക്കാലമായാല്‍ ടെക്‌നോളജിയ്ക്ക് അടിമപ്പെട്ട് പോകുന്ന പുതുതലമുറയെ നാടകലോകത്തേക്ക് ക്ഷണിക്കുകയാണ് മഞ്ചാടിക്കുരുവെന്ന നാടകക്കളരി. മഞ്ചാടിക്കുരുവിന്റെ ഏഴാമത്തെ സീസണിനാണ് കോഴിക്കോട് വെള്ളിമാട്ക്കുന്ന് പി.എം.ഒ.സി.യില്‍ തുടക്കമിട്ടിരിക്കുന്നത്. ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന നാടകക്കളരിയില്‍ സംസ്ഥാനത്ത് നിന്ന് 55 കുട്ടികൾ പങ്കെടുത്തു. നിശ്ചല ദൃശ്യങ്ങളിലൂടെയും, സംഘമായുള്ള ക്ലാസുകളിലൂടെയും നാടകക്കളരി കുട്ടികളിലേക്ക് അഭിനയത്തിന്റെ ബാലപാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. സമൂഹത്തില്‍ നിന്നും ഉള്‍വലിയുന്ന കുട്ടികളില്‍ നേതൃത്വപാടവവും ആത്മവിശ്വാസവും കരുത്തും നല്‍കി മികച്ച വ്യക്തികളാക്കി മാറ്റുകയാണ് മഞ്ചാടിക്കുരു. കോഴിക്കാട് പ്രവര്‍ത്തിക്കുന്ന റെഡ് യംഗ്സുമായി പ്രവര്‍ത്തിച്ചാണ് നാടകക്കളരി ഒരുക്കിയിരിക്കുന്നത്. നാടകം, സിനിമ, യോഗ, വ്യക്തിത്വ വികസനം ,വിനോദം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാടകോത്സവത്തില്‍ പ്രമുഖ നാടകങ്ങളായ കുറത്തി, സാമ്പാര്‍ ബിര്യാണി, ചക്കരപന്തല്‍, കൂവാഗം എന്നിവ പ്രദര്‍ശിപ്പിക്കും. സിവിക് ചന്ദ്രന്‍, മാമുക്കോയ, ജയപ്രകാശ് കുളൂര്‍, പ്രകാശ് ബാരെ എന്നിവരാണ് തിയേറ്റര്‍ വര്‍ക്കഷോപ്പിന്റെ രക്ഷാധികാരികള്‍. വിജേഷ്,കബനി,മനോജ് നാരായണന്‍ ,അബൂബക്കര്‍ മാഷ്,വിജയന്‍ കാരന്തൂര്‍, ഷിബു മുത്താട്ട്, ശിവദാസ് പൊയില്‍ക്കാവ്, ജയപ്രകാശ് കുളൂര്‍, ബിപിന്‍ ദാസ് പരപ്പനങ്ങാടി തുടങ്ങിയവരുടെ ശിക്ഷണം ക്യാമ്പിനെ വേറിട്ടതാക്കുന്നു.

സിനിമതാരം അഞ്ജലി അമീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഒരേ സ്വരത്തില്‍ ഒന്നിപ്പിച്ച് ചിലത് പറയാനും, ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ചാലകശക്തിയാണ് നാടകങ്ങള്‍. ഈ ശകതിയാണ് മഞ്ചാടിക്കുരുവില്‍ ഉടനീളം കാണാൻ കഴിയുന്നത്. നിരവധി പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത മഞ്ചാടിക്കുരു ഇത്തവണ മനുഷ്യനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

5 മുതല്‍ 12ാം ക്ലാസ് വരെയുളള കുട്ടികൾ ഇവിടെയുണ്ട്. തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും പുറം ലോകവുമായി സംവദിക്കാനും ഉള്ള വേദിയായി മാറുകയാണ് ഇവിടം.

വിവിധ ദിവസങ്ങളിലായി പത്മശ്രി ഗുരു ചേമഞ്ചേരി , ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വിനീത്, പ്രതാപ് ജോസഫ്, കവി ലിജീഷ് കുമാര്‍, വിനീഷ് ആരാധ്യ എന്നിവര്‍ ക്യാമ്പിലെത്തും.