കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അന്തർ സംസ്ഥാന സ്വകാര്യബസ് സർവീസ് ഓഫീസുകളിൽ പരിശോധന നടത്തി. ' കല്ലട' ബസിൽ യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശത്തെ തുടർന്ന് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് കോഴിക്കോട്ടും പരിശോധന നടന്നത്. വൈകീട്ട് ആറുമുതൽ രാത്രി എട്ടര വരെ പരിശോധന നടന്നു.

പാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 28 ബുക്കിംഗ് കേന്ദ്രങ്ങളിൽ 12 എണ്ണത്തിലും പരിശോധന നടത്തി. ഇതിൽ മിക്ക സ്ഥാപനങ്ങൾക്കും ലൈസൻസ് ഇല്ല. രണ്ട് സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ ട്രാവൽ ഏജൻസികളുടെയും ടിക്കറ്റ് ബുക്കിംഗ് കേന്ദ്രങ്ങൾ മാത്രമായി പ്രവർത്തിക്കുകയാണ്. ഏഴ് ദിവസത്തിനുളളിൽ ബന്ധപ്പെട്ട ലൈസൻസ് ഹാജരാക്കണമെന്ന് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

വരും ദിവസങ്ങളിൽ മറ്റ് ഓഫീസുകളിൽ കൂടി പരിശോധന നടത്തുമെന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.സി.എം.ഷബീർ പറഞ്ഞു. വടകര മോട്ടോർ ഇൻസ്പെക്ടർമാരായ സി.കെ.ചന്ദ്രഭാനു,എൻ.രാകേഷ് എന്നിവർ പങ്കെടുത്തു.