# നഗരത്തിലെ പ്രധാന മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തി

കോഴിക്കോട്: നഗരത്തിലെ പ്രധാന മത്സ്യ മാർക്കറ്റുകളായ സെന്ട്രൽ മാർക്കറ്റിലും പുതിയാപ്പ ഹാർബറിലും പരിശോധന നടത്തി. സെൻട്രൽ മാർക്കറ്റിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന 400 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗവും കോർപ്പറേഷൻ ആരോഗ്യവകുപ്പും ചേർന്ന് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

മത്സ്യങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന വാഹനം അടക്കമാണ് ജീവനക്കാർ പിടിച്ചെടുത്തത്. മുറിച്ച് പാക്കറ്റുകളിലാക്കി സൂക്ഷിച്ച പഴകിയ അയക്കൂറയും വിൽപന നടത്താനുള്ള മത്സ്യവും ഒരുമിച്ച് വെച്ചതിനാലാണ് വാഹനം അടക്കം പിടിച്ചെടുത്തതെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ പറഞ്ഞു. എന്നാൽ പരിശോധന സമയത്ത് തന്നെ നടത്തിയ ലിറ്റ്മസ് ടെസ്റ്റിൽ രാസപഥാർത്ഥങ്ങൾ ഉള്ളതായി തെളിയിക്കാനായില്ല. ഭക്ഷ്യ വകുപ്പിന്റെ വിശദ പരിശോധനക്കായി മാർക്കറ്റിൽനിന്നും നാല് തരം സാമ്പിളുകൾ ശേഖരിച്ചു.

അയക്കോറ, ആവോലി, തിരണ്ടി തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. ആറുമാസത്തോളം പഴക്കം തോന്നിക്കുന്ന മീനുകളാണ് പിടിച്ചെടുത്തവയിലുള്ളത്. ആന്ധ്രാ, കർണാടക, മംഗ്ലൂരു, നാഗർപട്ടണം തുടങ്ങിയ സ്ഥലങ്ങളിലും നിന്നും കൊച്ചി, ബേപ്പൂർ, പുതിയാപ്പ, ചോമ്പാല എന്നീ ഹാർബറുകളിൽ നിന്നും മീനുകൾ സെൻട്രൽ മാർക്കറ്റിലെത്തുന്നുണ്ട്.

പുതിയാപ്പ ഹാർബറിലും പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്നും പഴകിയ മത്സ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും നിലവിൽ ഇവിടെ മത്സ്യങ്ങൾ കൃത്യമായി ശീതീകരിച്ച് സൂക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഇവിടെ നിന്നും അഞ്ചു തരം മത്സ്യങ്ങൾ പരിശോധിച്ചിരുന്നു.

പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങൾ നശിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ ഡോ. ജോസഫ്, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ് ഗോപകുമാർ, ഡോ. വിഷ്ണു ഷാജി, ഡോ. ഗോപാൽ, ഡോ. ശ്രീഷ, എച്ച്.ഐമാരായ ടി.കെ പ്രകാശൻ, ദിലീപ് കുമാർ, ജെ.എച്ച്.ഐ ഷമീം, ആരോഗ്യ വകുപ്പ് ജീവനക്കാരായ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.