കൽപ്പറ്റ:ഭൂമിക്ക് വേണ്ടി മഴ നനഞ്ഞ് പാട്ട് പാടി മുദ്രാവാക്യം മുഴക്കി ആദിവാസികൾ വയനാട് കളക്‌ടറേറ്റിന് മുന്നിൽ രാപകൽ നടത്തുന്ന സമരം ഇന്നലെയും തുടർന്നു. തൊവരിമലയിലെ വനഭൂമി കൈയേറ്റം ഒഴിപ്പിച്ചതിൽ പ്രതിഷേധിച്ച് ആദിവാസികൾ നടത്തുന്ന സമരം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടുന്നു.
അറസ്റ്റ് ചെയ്ത ഭൂസമര സമിതി നേതാക്കളായ കുഞ്ഞിക്കണാരൻ, രാജേഷ്, മനോഹരൻ എന്നിവരെ വിട്ടയയ്‌ക്കുക, ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറോളം പേർ സമരം നടത്തുന്നത്. രണ്ട് ദിവസമായി പെയ്യുന്ന അതിശക്തമായ മഴ നനഞ്ഞ് അവർ സമര മുഖത്ത് ഒരേയൊരു ഇരിപ്പാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.പി.ഐ. എം.എൽ. ഭൂസമരസമിതിയുടെ നേതൃത്വത്തിൽ നൂറോളം ആദിവാസികൾ അപ്രതീക്ഷിതമായി വയനാട് കളക്ടറേറ്റിന് മുമ്പിലേക്കെത്തിയത്.
സി .പി ഐ .എം എൽ റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവയുടെ നേതൃത്വത്തിലാണ് തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് സമരം നടത്തിവന്നത്. ബുധനാഴ്ച രാവിലെയാണ് സമരക്കാരെ ഒഴിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസമാണ് രഹസ്യമായി തൊവരിമലയിൽ ഭൂമി കൈയേറിയത്.
സമരത്തിന് മനുഷ്യാവകാശ പ്രവർത്തകർ പിന്തുണയുമായെത്തിയിരുന്നു.
വയനാട്ടിലെ ആദിവാസികളുടെ ഭൂസമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് സുകുമാരൻ അട്ടപ്പാടി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുമായി സമരസമിതി പ്രതിനിധികളായ സീത, ജാനു, ഓമന തുടങ്ങിയവർ ചർച്ച നടത്തി. . തൃശൂർ, കോട്ടയം ,എറണാകുളം എന്നിവിടങ്ങളിൽ സമരത്തിന് പിന്തുണ അറിയിച്ച് പ്രകടനങ്ങൾ നടന്നു.