കോഴിക്കോട്: ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം വീണ്ടും ബെംഗളൂർ ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട ചർച്ചകർക്ക് വഴിവെച്ചിരിക്കുകയാണ്. ഈ അവസരത്തിൽ മലബാർ മേഖലയിൽ നിന്നും ബെംഗളൂരിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കുന്നതിന് റെയിൽവെ തയ്യാറാകണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, ഷൊർണ്ണൂർ, മേഖലകളിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ബെഗളൂരിലേക്ക് യാത്ര ചെയ്യുന്നത്. എന്നാൽ ആകെ ഒരു ട്രെയിൻ മാത്രമാണ് ദിനപ്രതി ഷൊർണ്ണൂർ വഴി പോകുന്നത്. മംഗലാപുരം വഴി കണ്ണൂരിൽ നിന്ന് ദിവസേന ബെംഗളൂരിലേക്ക് സർവീസ് ഉണ്ടെങ്കിലും കോഴിക്കോട് - ഷൊർണ്ണൂർ ഭാഗത്തുള്ളവർക്ക് യാതൊരു പ്രയോജനവുമില്ല. സമയ ദൈർഘ്യവും കൂടുതൽ ആണ്, നിലവിൽ കണ്ണൂർ, തലശേരി, വടകര, കോഴിക്കോട് തുടങ്ങി ഓരോ ചെറു ടൗണുകളിൽ നിന്നും ഒരുപാട് ബസുകൾ ബെഗളൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബസ് ലോബിയുടെ സമ്മർദ്ദം കാരണമാണ് ഈ മേഖലയിൽ കൂടുതൽ സർവീസ് നടത്താത്തതിന് പ്രധാന കാരണമായി യാത്രക്കാർ പറയുന്നത്. വർഷങ്ങളായുള്ള തലശ്ശേരി - മൈസൂർ റെയിൽ പാതയും, പുതിയ നിലമ്പൂർ - നെഞ്ചൻഗോഡ് റെയിൽ പാതയും അട്ടിമറിക്കുന്നത് ബസ് ലോബിയുടെ ഇടപെടൽ മൂലമാണെന്ന് യാത്രക്കാർ ചൂണ്ടി കാട്ടുന്നു. സമയവും പണവും ലാഭകരമാകുന്ന ഈ ട്രെയിൻ സർവീസുകൾ ആരംഭിച്ചാൽ പകുതിയിലേറെയും സർവീസുകൾ ഒഴിവാക്കേണ്ടി വരുമെന്നതാണ് ബസ് ലോബിയുടെ സമ്മർദത്തിന് കാരണം,
യശ്വന്ത്പുരം എക്‌സ്പ്രസ് ബനസവാടിയിൽ യാത്ര അവസാനിപ്പിക്കാനുണ്ടായ റെയിൽവെയുടെ തീരുമാനവും ബസ് ലോബിയുടെ സമ്മർദ ഫലമായിരുന്നു, പക്ഷേ മലയാളികളുടെ കൂട്ടായ പ്രതിഷേധം കാരണം റെയിൽവേ ആ തീരുമാനം പിൻവലിച്ചു.
ബസ് ലോബിയുടെ സമ്മർദത്തിന് വഴങ്ങാതെ ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുകയും, പുതിയ റെയിൽ പാത സാക്ഷാത്ക്കാരിക്കാനുള്ള ഊർജ്ജിത ശ്രമവും റെയിൽവെയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ജനപ്രതിനിധികൾ ഇതിന് വേണ്ടി സജീവമായി രംഗത്തുണ്ടാവണമെന്നും മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ചെയർമാൻ എം. പി അബ്ദുൽ കരീം, കൺവീനർ ഫൈസൽ ചെള്ളത്ത്, വൈസ് ചെയർമാൻ പി.കെ.സി ഫൈസൽ എന്നിവർ ആവശ്യപെട്ടു.