കുറ്റിക്കാട്ടൂർ: ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്റർ സഹജീവികളുടെ കണ്ണീരൊപ്പുന്ന പ്രസ്ഥാനമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ . ദുബൈ കെ.എം.സി.സി റംസാനോടനുബന്ധിച്ച് കേരളത്തിൽ വിതരണം ചെയ്യുന്ന 5000 ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് കാരുണ്യ പ്രവർത്തനത്തിലൂടെ ആശ്വാസം നൽകാൻ ദുബൈ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും തങ്ങൾ പറഞ്ഞു. മരണപ്പെട്ട പ്രവാസികൾക്ക് ദുബൈ കെ.എം.സി.സി സാമൂഹ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി നൽകുന്ന 5 ലക്ഷം രൂപയുടെ ധന സഹായവും വിവിധ കുടുംബങ്ങൾക്ക് ചടങ്ങിൽ വച്ച് സമസ്ത കേരള ജമീഅത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ വിതരണം ചെയ്തു.
കുറ്റിക്കാട്ടൂർ യാമാനിയയിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. എം.എ റസാഖ് മാസ്റ്റർ, കെ.മൂസ മൗലവി, സയ്യിദ് ഹംസ ബാഫഖി തങ്ങൾ, കുട്ടി ഹസ്സൻ ദാരിമി, ഇബ്രാഹിം മുറിച്ചാണ്ടി, കെ.പി. കോയ, ഒ.കെ ഇബ്രാഹിം, ഉസ്സയിനാർ ഹാജി എടച്ചാക്കൈ, സാജിദ് അബൂബക്കർ, ഷൂക്കൂർ എറണാകുളം, അഹമ്മദ് ബിച്ചി, കെ.പി മുഹമ്മദ്, ബഷീർ അലനല്ലൂർ, റാഷിദ് ഹാജി കല്ലിങ്കാലി, അമീർ കോട്ടക്കൽ, ബപ്പൻകുട്ടി നടുവണ്ണൂർ സംസാരിച്ചു. സെക്രട്ടറി ഹംസ തൊട്ടി സ്വാഗതവും എം.വി സിദ്ധീഖ് നന്ദിയും പറഞ്ഞു.