വടകര: ഒഞ്ചിയം സമരസേനാനി മനക്കത്താഴ ഗോവിന്ദന്റെ മകന്റെ വീടിനുനേരെ നടന്ന അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു വടകര ഇത്തവണ വോട്ടുചെയ്തത്. ഇങ്ങിനെ വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളയാണോ അക്രമം എന്ന് സിപിഎം വ്യക്തമാക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചു മരിച്ച ഒഞ്ചിയം സമരസേനാനിയുടെ വീടുതന്നെ അക്രമിച്ചത് ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. സിപിഎമ്മിന്റെ ഇത്തരം ചെയ്തികളാണ് അവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം. തെരഞ്ഞെടുപ്പോടെ ദേശിയ പദവി നഷ്ടപ്പെട്ട് വെറുമൊരു പ്രാദേശിക പാര്‍ട്ടിയാവാന്‍ പോവുകയാണ് സിപിഎം. എന്നിട്ടും ജനങ്ങളോടുള്ള വെല്ലുവിള നിര്‍ത്തുന്നില്ല. സിപിഎം ഇക്കാര്യം പുനപരിശോധിക്കണം. നെഹ്‌റുവിന്റെ സോഷ്യലിസത്തെ അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ശൈലിയെ ഞങ്ങള്‍ സ്വാഗതംചെയ്യും എന്നാല്‍ സിപിഎം ഇപ്പോള്‍ വെറും അക്രമ ശൈലിമാത്രമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനമായി അധ:പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.