വയനാട് ജില്ലയിൽ ഒരു ആദിവാസി ഭൂസമരം കൂടി ആരംഭിച്ചിട്ടുണ്ട്. സി.പി.ഐ.എം.എൽ ഭൂസമര സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസമായിരുന്നു ഭൂമികൈയേറ്റം. ചരിത്ര പൈതൃകമായ എടക്കൽ ഗുഹയുടെ ഭാഗമായ എഴുത്തുപാറ സ്ഥിതി ചെയ്യുന്ന തൊവരിമലയിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആദിവാസികൾ ഭൂമി കൈയേറിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സർവ സന്നാഹങ്ങളുമായെത്തിയ പൊലീസ്- വനപാലക സംഘം ഇവരെ ഒഴിപ്പിച്ചു. മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തു. സമരക്കാർ മാദ്ധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ അവരെ എസ്റ്റേറ്റിന്റെ പിൻവശത്തുള്ള റോഡും വഴിയുമില്ലാത്ത ഭാഗങ്ങളിലൂടെയാണ് ഒഴിപ്പിച്ചത്.
അവസാന കുടുംബത്തെയും ഇറക്കുന്നത് വരെ മാദ്ധ്യമപ്രവർത്തകരെപ്പോലും സ്ഥലത്തേക്ക് കടത്തിവിട്ടില്ല.സമരക്കാർ കെട്ടിയ ഷെഡുകൾ പൊലീസ് തകർത്തു. വസ്ത്രങ്ങളും കൊടിതോരണങ്ങളും തീയിട്ട് നശിപ്പിച്ചു. തൊവരിമലയിൽ നിന്ന് ഇറങ്ങിവന്ന ആദിവാസികൾ മൂന്ന് ദിവസമായി വയനാട് കളക്ടറേറ്റ് പടിക്കൽ മഴയും വെയിലും കൂസാതെ രാപ്പകൽ സമരം നടത്തുകയാണ്. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയയ്‌ക്കുക, അന്തിയുറങ്ങാൻ ഭൂമി നൽകുക എന്നിവയാണ് ആവശ്യം.
ഭൂമിക്ക് വേണ്ടിയുളള ആദിവാസികളുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിക്ക് വേണ്ടി സമരം ചെയ്തവർ അധികാരത്തിലുണ്ട്. അധികാരത്തിലിരുന്നവർ പ്രതിപക്ഷത്തും. പക്ഷെ ആദിവാസി പ്രശ്നങ്ങൾക്ക് ഇതേവരെ ആരും പരിഹാരം കണ്ടില്ല. വയനാട്ടിൽ മാത്രം ഒമ്പതിനായിരം കുടുംബങ്ങൾക്ക് ഇന്നും ഭൂമിയില്ല. കാടിന്റെ മക്കളെന്നാണ് പേര്. എന്നാലിവർ കാട്ടിൽ നിന്നുപോലും ആട്ടിയോടിക്കപ്പെടുന്നു. ജില്ലയിൽ ഒന്നും രണ്ടും ഏക്കറുകളിലായി നിരവധി ആദിവാസി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവരിൽ ഒരാളുടെ പേരിലായിരിക്കും ഭൂമി. ഇങ്ങനെ ഭൂമിയുളളവർ അഞ്ച് ശതമാനം മാത്രമാണ്. ഭൂമിക്ക് വേണ്ടി രംഗത്തിറങ്ങുന്നവരെ ഭീകരരെ നേരിടുന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ജീവിക്കാൻ വേണ്ടിയാണ് ഇവർ സമരം ചെയ്യുന്നതെന്ന കാര്യം ഭരണകൂടം മറക്കുന്നു. ജനാധിപത്യ മര്യാദ ഇവരോട് കാണിക്കുന്നില്ല. ആദിവാസികൾ കൈയേറുന്ന ഭൂമി വനാവകാശത്തിൽ പെട്ടതാണെങ്കിൽ അത് അവർക്ക് തന്നെ നൽകണമെന്നാണ് പൊതുവെയുളള ആവശ്യം. സമരക്കാരുമായി ചർച്ച നടത്തണം.
അടിച്ചമർത്തുന്ന രീതി ശരിയാണോ? തൊവരിമലയിലെ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിച്ച നടപടി ശരിയാണെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി അഭിപ്രായപ്പെടുന്നു. ഭൂമി ഹാരിസൺ മലയാളത്തിന്റെ കൈവശമുളള മിച്ചഭൂമിയാണെന്നും ആദിവാസികൾക്ക് പതിച്ച് കൊടുക്കാനായി നീക്കിവച്ചതാണെന്നുമുളള സമരസമിതിയുടെ അവകാശവാദം ശരിയല്ലെന്നും പ്രകൃതി സംരക്ഷണ സമിതി പറയുന്നു.1973ൽ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമിയിലെ കൃഷി ചെയ്യാത്ത ഭാഗം പിടിച്ചെടുത്ത വനഭൂമിയാണിത്.നിബിഡമായ ഇൗ വനഭൂമി 2001 കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം റിസർവ് വനമായി വിജ്ഞാപനം ചെയ്യുകയും ജെണ്ടയിട്ട് അതിരുകൾ വേർതിരിച്ച് വരുന്നതുമാണെന്നാണ് സർക്കാർ ഭാഷ്യം. ഇൗ ഭൂമി സംബന്ധിച്ച് എസ്റ്റേറ്റ് ഉടമകളുമായോ മറ്റാരെങ്കിലുമായോ യാതൊരു തർക്കവും നിലവിലുമില്ല. എന്നാൽ തരിശായ ഭൂമി എസ്റ്റേറ്റിന്റെ പക്കലുണ്ട്. അവിടെ ഇവരാരും കൈയേറുന്നില്ലെന്നും പകരം വനഭൂമി തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നത് എന്തിനാണെന്നുമാണ് പ്രകൃതിസ്നേഹികളുടെ ചോദ്യം. ഹാരിസൺ മലയാളം,പോഡാർ പ്ളാന്റേഷൻ തുടങ്ങിയ തോട്ടം ഉടമകളുടെയും കമ്പനികളുടെയും പക്കൽ നിയമവിരുദ്ധമായി കൈവശം വച്ചുവരുന്ന ഇരുപതിനായിരം ഏക്കർ ഭൂമിയുണ്ടെന്ന് നിവേദിത പി.ഹരിഹരൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകൃതി സ്നേഹികൾ പറയുന്നു.
ആദിവാസികൾ നടത്തുന്ന ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കരുത്
ഞാൻ എൽ.ഡി.എഫ് സർക്കാരിനൊപ്പമാണ്. എന്ന് കരുതി ആദിവാസികൾ നടത്തുന്ന ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കുന്നില്ല.2013 ജനുവരി അഞ്ചിനാണ് മുത്തങ്ങയിൽ ഭൂമിക്കായി കുടിൽ കെട്ടി സമരം തുടങ്ങിയത്.ഫെബ്രുവരി 19ന് വെടിവെപ്പ് നടന്നു.ആദിവാസി ജോഗി കൊല്ലപ്പെട്ടു.വിനോദ് എന്ന ഒരു പൊലീസുകാരനും.കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതിന് പതിനാറ് വർഷം കഴിഞ്ഞു.ഇന്നും തീർന്നിട്ടില്ല ആ സമരത്തിന്റെ പേരിലുളള കേസുകൾ. മൂന്ന് ക്രൈമുകളിലായി മുന്നൂറോളം പേരുടെ പേരിൽ ഇന്നും കേസുണ്ട്. എന്നിട്ടും വയനാട്ടിലെ ഭൂമി പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല.ആ സമരത്തിന്റെ പേരിൽ ഇന്നും ജീവിക്കുന്ന രക്തസാക്ഷികളായി കഴിയുന്നവർ ഏറെയാണ്.
സി.കെ.ജാനു (ജനാധിപത്യ രാഷ്ട്രീയ പാർട്ടി അദ്ധ്യക്ഷ)
പ്രശ്നം പഠിച്ച് സർക്കാർ തീരുമാനം കൈക്കൊളളും
തൊവരിമലയിലെ ഭൂമി കൈയേറ്റും സംബന്ധിച്ച് സർക്കാർ പഠിച്ച് തീരുമാനം കൈക്കൊളളും.ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണം. ആദിവാസി ക്ഷേമ സമിതിയുടെയും ആവശ്യം അതാണ്. ജില്ലാ കളക്ടർ സമരക്കാരുമായി സംസാരിച്ചിരുന്നു. അനുകൂല തീരുമാനം ഉണ്ടാകുക തന്നെ ചെയ്യും.
സി.കെ. ശശീന്ദ്രൻ എം.എൽ.എ
തൊവരിമല ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യണം
ഭൂപരിഷ്‌കരണ നിയമപ്രകാരം പിടിച്ചെടുത്ത ഭൂമിയാണെന്ന് പ്രകൃതി സംരക്ഷണസമിതി ജില്ലാപ്രസിഡന്റ് എൻ. ബാദുഷയും സംഘവും പറയുന്നു. അങ്ങനെയെങ്കിൽ അത് ഭൂരഹിതർക്ക് വിതരണം ചെയ്യണ്ടേ? വനഭൂമിയാണെങ്കിൽ തന്നെ ആദിവാസികൾക്ക് വനാവകാശ നിയമം ബാധകമല്ലേ? വയനാട് പ്രകൃതിസംരക്ഷണ സമിതി നടത്തിയ സമരങ്ങളൊക്കെ വനംവകുപ്പിന്റേയും സർക്കാർ സർക്കാരിതര സമിതികൾ തുടങ്ങി യവയിൽ കയറിപ്പറ്റാനായിരുന്നു. എന്തിനേറെ ടൂറിസത്തിന്റെ അനുബന്ധ പ്രവൃത്തികളിലടക്കം ഇവർ ഇടപെട്ട് ലാഭം കൊയ്യുന്നു.
കെ.കെ.സുരേന്ദ്രൻ
(എഴുത്തുകാരൻ,സാമൂഹ്യപ്രവർത്തകൻ
ഭൂമിയും വെള്ളവും വായുവും വെളിച്ചവും മനുഷ്യരുടെ പൊതുസ്വത്ത്
ഭൂമി ഇല്ലാത്തതല്ല, അത് കൊടുക്കില്ല എന്ന് ഉറപ്പുള്ള വർഗം അധികാരം കയ്യാളുന്നത് തന്നെയാണ് പ്രശ്നം. ശക്തമായ പ്രതിരോധം ഏതൊരു സമരത്തിനും അനിവാര്യമാണ്. കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്കുള്ളതാണ്. ഭൂമിയും വെള്ളവും വായുവും വെളിച്ചവും മുഴുവൻ മനുഷ്യരുടെയും പൊതുസ്വത്താണ്. മുത്തങ്ങ സമരത്തെ ശുദ്ധ പരിസ്ഥിതിവാദികൾ നേരിട്ടത് വനഭൂമിയാണെന്ന് പറഞ്ഞായിരുന്നു. വനഭൂമിയിൽ ആദിവാസികൾക്കല്ലാതെ ആർക്കാണ് അവകാശം എന്നൊന്നും ഇപ്പൊൾ ചോദിക്കാൻ പാടില്ല! 2003ൽ മുത്തങ്ങ വെടിവയ്പ്പിന് പശ്ചാത്തലമൊരുക്കുന്നതിൽ ആദിവാസിവിരുദ്ധരായ ഈ കപട പരിസ്ഥിതിവാദികളുടെ പങ്ക് വലുതാണ്. വയനാട്ടിൽ ഭൂമിക്ക് വേണ്ടി നടന്ന എല്ലാ സമരങ്ങൾക്കുമെതിരെ ഭരണകൂടത്തിനും രാഷ്ടീയ വനംവകുപ്പുകൾക്കും ഭൂമാഫിയയ്‌ക്കും ഒപ്പം നിന്ന സംഘടനയുടെ പരിസ്ഥിതിബോധം അതിവിചിത്രമാണ്. വയനാട്ടിൽ ഏറ്റവും കൂടുതൽ മരം മുറിക്കുന്ന, വനം പരിസ്ഥിതി നിയമങ്ങൾ അട്ടിമറിക്കുന്ന ഭൂ - റിസോർട്ട് മാഫിയകൾക്കെതിരെ ഒരു പ്രതിഷേധം പോലും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന ഭരണകൂടം, അടിസ്ഥാനജനത നടത്തിയ വർഗസമരത്തിലധിഷ്ഠിതമായ ഇടതുപക്ഷ ഭൂസമരത്തെ അടിച്ചമർത്തുന്നതിന്റെ വിചിത്രമായ കാഴ്ചകളാണ് തൊവരിമലയിൽ കണ്ടത്. ഭൂസമരങ്ങളെ മനുഷ്യസ്നേഹികൾ പിന്തുണയ്‌ക്കുക.
സി.പി.റഷീദ് (പോരാട്ടം പ്രവർത്തകൻ )