വടകര: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ജീവതാളം പദ്ധതിയിലെ വോളണ്ടിയർ മാർക്ക് ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തീപിടുത്തം ,വിവിധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, പ്രഥമ ശ്രൂശ്രൂഷ എന്നീ വിഷയങ്ങളിലാണ് പരീശീലനം നൽകിയത്. പഞ്ചായത്തിലെ ജനങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തന ഘട്ടത്തിൽ മനുഷ്യ ജീവൻ രക്ഷിക്കാൻ ആവശ്യമായ പൊതു അവബോധം ഉണ്ടാക്കുവാനാണ് പരിശീലനത്തിന്റെ ലക്ഷ്യം. അഴിയൂർ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മയുമായി ചേർന്ന് അഴിയൂരിനെ അപകട ലഘൂകരണ മേഖലയാക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവതാളം പദ്ധതി. പരിശീലനം വൈസ് പ്രസിഡന്റ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുൽ ഹമീദ് ,ജില്ല കോർഡിനേറ്റർ എൻ.സി.ആർ .എം.ടി. റംഷീന. കെ.വി.അഴിയൂർ കൂട്ടം ഫേസ് ബുക്ക് കൂട്ടായ്മ അഡ്മിൻ പാനൽ അംഗം രജനി.കെ. എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ, ആനന്ദ് സി.പി, ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യാത ലഘൂകരണ പദ്ധതി (എൻ സി ആർ എം ടി) സ്റ്റേറ്റ് കോർഡിനേറ്റർ സിറിയക്ക് .കെ.ജെ ,എന്നിവർ ക്ലാസ്സ് എടുത്തു. എയ്ഞ്ചൽസ് കോഴിക്കോട് ടീം ആണ് പ്രഥമ ശ്രൂശ്രൂഷ സംബന്ധിച്ച ക്ലാസ്സ് എടുത്തത്, പ്രാക്ടിക്കൽ അടക്കമുള്ള പരീശീലനമാണ് 30 അംഗ ഗ്രൂപ്പിന് നൽകിയത്. ഇതിന് മുമ്പ് പാലിയേറ്റീവ് സംബന്ധിച്ച് 2 ദിവസത്തെ പരിശീലനം പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു.