മുക്കം: പ്രവാസിയുടെ വീട്ടിൽ മോഷണം.12 പവൻ സ്വർണാഭരണങ്ങളും 2000 രൂപയും നഷ്ടപ്പെട്ടു. മുക്കത്തിനടുത്ത നിലേശ്വരം കാതിയോട്ട് കരിമ്പലങ്ങോട്ട് നിസാർ അഹമ്മദിന്റെ വീട്ടിലിണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. പിൻഭാഗത്തെ ഇരുമ്പു വാതിലിന്റെ പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് ഉറങ്ങുകയായിരുന്ന നിസാറിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും 12 പവൻ ആഭരണവും അനുജന്റെ പഴ്സിൽ നിന്ന് 2000 രൂപയുമാണ് മോഷ്ടിച്ചത്. മുക്കംം സർക്കിൾ ഇൻസ്പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, എഎസ്ഐ ജയമോദ്, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, സിവിൽ പൊലീസ് ഓഫീസർ ഷംനാസ് എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി പരിശോധന നടത്തി. ബാലുശ്ശേരിയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് വിദഗ്ദരും പരിശോധിച്ചു . മോഷ്ടാവ് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പുകമ്പിയിൽ നിന്നും മണം പിടിച്ച പൊലീസ് ട്രാക്കർ ഡോഗ് "റിമോ" വീടിനു പിൻ വശത്തുള്ള ഇടവഴിയിലൂടെ ഓടി തൊട്ടടുത്തുള്ള കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോരത്താണ് നിന്നത്. ഇത് മോഷ്ടാവ് വന്ന വഴിയാകാൻ സാധ്യതയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഫോൺ കോളുകളും പരിശോധിച്ചതിനുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.