മുക്കം: വേനൽമഴയും ഒപ്പം വീശിയ കാററും മലയോരത്ത് പരക്കെ നാശം വിതച്ചു. മരങ്ങൾ ഒടിഞ്ഞും കടപുഴകി യും വീണ് അനവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപറ്റി. റോഡു ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് മലയോരത്തെ മരവിപ്പിച്ച കാറ്റും മഴയും ഉണ്ടായത്. ഓമശ്ശേരി- തിരുവമ്പാടി റോഡിലാണ് മരം വീണ് ഗതാഗത തടസമുണ്ടായത്. റോഡരുകിലെ പറമ്പിൽ നിന്ന് വലിയ പിലാവുമരം കുറുകെ മറിഞ്ഞു വീഴുകയായിരുന്നു ഒരു മീറ്ററോളം വണ്ണവും 16 മീറററോളം നീളവുമുള്ള മരം മുക്കത്തുനിന്നെത്തിയ ഫയർ ആന്റ് റസ്ക്യു സർവ്വീസ് ഏറെ നേരം പണിപ്പെട്ട് മറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ കെ.പി ജയപ്രകാശിൻ്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻമാരായ കെ. നാസർ, സമീറുള്ള, സുരേഷ് മേലേടത്ത് എന്നിവരടങ്ങിയ സംഘമാണ് ആശ്വാസ പ്രവർത്തനം നടത്തിയത്. ഓമശേരി, മുണ്ടുപാറ, പൂളപ്പൊയിൽ, നീലേശ്വരം, അമ്പലക്കണ്ടി എന്നിവിടങ്ങളിലും വലിയ നാശനഷ്ടങ്ങളുണ്ടായി. പൂളപ്പൊയിലിൽ ആറ് വീടുകൾക്ക് മുകളിൽ മരം വീണു. മണ്ണത്താൻകണ്ടി അബൂബക്കർ, മണ്ണത്താൻകണ്ടി അബ്ദുൽനാസർ, ബിജുമോൻ ജോസഫ് എന്നിവരുടെ വീടുകൾ ഇതിൽ പെടും. മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട മേത്തൽതൊടിക ബുഷൈറിന്റെ കാറിന് മുകളിൽ മരം വീണു കേടുപററി. നെടുങ്കണ്ടത്തിൽ കുഞ്ഞിരായിൻ അടക്കമുള്ള ഒട്ടേറെ കർഷകരുടെ വാഴകളും മറ്റുകാർഷിക വിളകളും കാറ്റിൽ നശിച്ചു. മുണ്ടുപാറയിൽ പത്മനാഭൻ നമ്പൂതിരി, കരീം സഖാഫി, എടക്കാട്ട് മുഹമ്മദ് എന്നിവരുടെ ഉൾപെടെ 10 വീടുകൾക്ക് മുകളിലാണ് മരം വീണത്. വി.പി അബൂബക്കർ, പാലിയിൽ ഉമറലി എന്നിവരുടെ വീടുകളുടെ മേൽക്കൂര കാറ്റിൽ പാറിപ്പോയി. മുണ്ടുപാറ മദ്റസ, പള്ളി എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെ.വി അബൂബക്കർ, മജീദ് എന്നീ കർഷകരുടെ വാഴകളും ഒടിഞ്ഞു നശിച്ചിട്ടുണ്ട്. അമ്പലക്കണ്ടിയിലും മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടെ ട്രാൻസ്ഫോമറും വാഴ, കവുങ് അടക്കമുള്ള പല കാർഷികവിളകളും നശിച്ചു.നാശം നേരിട്ട പ്രദേശങ്ങൾ കൃഷി വകുപ്പധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.