കോഴിക്കോട്: വളർത്ത് നായകൾക്ക് ലൈസൻസ് സംവിധാനം ആരംഭിക്കാനൊരുങ്ങുകയാണ് കോർപ്പറേഷൻ. പ്രത്യേക സോഫ്റ്റ് വേർ തയ്യാറാക്കിയാണ് ലൈസൻസിനുള്ള സംവിധാനം ഒരുക്കുന്നത്. രോഗം വരുന്ന നായകളെ ഉപേക്ഷിച്ച് കളയുന്നവരെ ഇതിലൂടെ കണ്ടെത്താൻ കഴിയും. നായ്ക്കളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിനുള്ള പരിഹാരം കൂടിയാണിത്. സാങ്കേതിക നടപടികൾകൂടി പൂർത്തിയായാൽ ലൈസൻസ് ഏർപ്പെടുത്താൻ തുടങ്ങും.

കോർപ്പറേഷന്റെ എ.ബി.സി.(ആനിമൻ ബർത്ത് കൺട്രോൾ) സെന്ററിൽനിന്ന് വളർത്ത് നായകളെ വന്ധ്യംകരിക്കാനുള്ള സൗകര്യവും ഒരുക്കും. മൈക്രോചിപ്പ് റീഡറും പൂളക്കടവിലുള്ള സെന്ററിലുണ്ടാകും. നിലവിൽ തെരുവ് നായകളുടെ വന്ധ്യംകരണമാണ് പൂളക്കടവിൽ നടക്കുന്നത്. ഇത്തരത്തിൽ മുന്നൂറോളം ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. മൈക്രോചിപ്പിൽ വിവരങ്ങൾ ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ ജൂണിന് മുമ്പ് തന്നെ ലൈസൻസ് സംവിധാനം നടപ്പാക്കാനാകും.

പദ്ധതി ഇപ്രകാരം

വളർത്ത് നായകൾക്ക് രണ്ട് തരത്തിലാണ് ലൈസൻസ് ഏർപ്പെടുത്തുന്നത്. സാധാരണ വളർത്ത് നായകൾക്ക് 500 രൂപയും പ്രജനനത്തിനായി ഉപയോഗിക്കുന്നവയ്ക്ക് 1000 രൂപയുമാണ് വാർഷിക ലൈസൻസ് ഫീസ്. പദ്ധതിക്കുള്ള അംഗീകാരം നേരത്തേ തന്നെ ലഭ്യമായിരുന്നു.

നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ(എൻ.ഐ.സി.) സഹകരണത്തോടെ പ്രത്യേക സോഫ്റ്റ് വേർ തയ്യാറാക്കിയാണ് ലൈസൻസിനുള്ള സംവിധാനം ഒരുക്കുന്നത്. ഏതിനത്തിലുള്ള നായയാണ്, വംശം, തൂക്കം, കുത്തിവെപ്പ് വിവരം, ഉടമയുടെ വിലാസവും ഫോൺ നമ്പറും തുടങ്ങി എല്ലാവിവരങ്ങളും മൈക്രോചിപ്പിൽ ഉണ്ടാകും.

രോഗിയായ ലാബ്രഡോർ നായയെ ഉപേക്ഷിച്ചു

പിൻകാലിൽ മുഴയുള്ള ലാബ്രഡോർ നായയെ വ്യാഴാഴ്ച ജില്ലാ മൃഗാശുപത്രി പരിസരത്ത് കെട്ടിയിട്ട് അജ്ഞാതൻ മുങ്ങിയിരുന്നു. രാവിലെ ഇയാൾ നായയുമായി എത്തുന്നതും കെട്ടിയിട്ടതിന് ശേഷം പോകുന്നതും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ഡോക്ടർമാരും നായയ്ക്ക് ഭക്ഷണവും മരുന്നും നൽകുന്നുണ്ട്.

ലാബ്രഡോർ നായയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ കാലിലെ മുഴ ശസ്ത്രക്രിയ ചെയ്തു നീക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.നിനകുമാർ പറഞ്ഞു.