വടകര: കടലിൽ ആഞ്ഞടിക്കുന്ന തിരമാല കണക്കെ ഒരു കാലത്തും തീരദേശത്തുകാരുടെ മനസ്സിൽ നിന്നും ആധി ഒഴിയുന്നില്ല.ഓഖി ഏൽപ്പിച്ച അലയൊലി മാറും മുമ്പ് ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതാണ് ഇപ്പോൾ മത്സ്യബന്ധനം ഉപജീവനമാക്കിയ കടലോരനിവാസികളെ അലോസരപ്പെടുത്തുന്നത്. ഒരു ഘട്ടത്തിൽ പ്രക്യതിയുടെ വികൃതിയാലുള്ള വിളയാട്ടമാണെങ്കിൽ മറ്റു ചിലപ്പോൾ ഭരണത്തിൽ ഇരിക്കുന്നവരുടെ വികസന കാഴ്ചപ്പാടുകളാണ് ആധിക്ക് കാരണമാവുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്ന് വിഭിന്നമാണ് തീരദേശത്തുകാരുടെ തൊഴിൽ മേഖല. ജീവൻ പണയം വച്ചുള്ള ജോലിയാണ് ആഴക്കടൽ താണ്ടി വലയെറിഞ്ഞ് മീൻ പിടിക്കുന്നത്. ഇതാവട്ടെ സ്ഥിര ജോലിയോ മുതലാളിമാരിൽ നിന്നും അവകാശപ്പെട്ടു ലഭിക്കുന്ന അംഗീകാരമോ ഇല്ല. കടൽ കനിയുമ്പോൾ തോണി ക്കാർക്കൊപ്പം തൊഴിലാളികൾക്കും ചാകര തന്നെ അതാണ് കടൽ നെറി. എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ തീരദേശത്തുകാർ ക്ക്പലവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമെങ്കിലും നടപ്പിലാക്കുമ്പോഴേക്കും കാലമേറെ കഴിയും. ഇതിനിടയിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പലതും വെട്ടിക്കുറക്കുകഎന്നത് നടപ്പിലാവുകയും ചെയ്യുന്നു. ഇതിലൊന്നാണ് തോണിക്കാർക്ക് അനുവദിച്ചിരുന്ന മണ്ണെണ്ണ അളവ് വെട്ടിക്കുറച്ചത്. പന്ത്രണ്ട് വർഷം മുമ്പ് വരെ ലൈലന്റ് തോണി ക്കാർക്ക് ലഭിച്ചിരുന്ന 350 ലിറ്റർ മണ്ണെണ്ണ ഘട്ടം ഘട്ടമായി കുറച്ച് 30 ലിറ്റർ വരെയായി. ഇപ്പോൾ മാസങ്ങളായി തോണിക്കാർക്ക് മണ്ണെണ്ണ വിതരണം തീർത്തും നിലച്ച മട്ടായിരിക്കയാണ്. തോണിക്കാർക്ക് ലഭിക്കുന്ന ഏത് ആനുകൂല്യത്തിന്റെ വിഹിതവും തൊഴിലാളിക്കും ലഭിക്കുമായിരുന്നു. വിവിധ തരത്തിലുള്ള തോണികളിലായാണ് മീൻ പിടിക്കാൻ പോവുക. മൂന്ന് ആളുകൾ ഉള്ള തോണി മുതൽ 40ലേറെ ആളുകൾ പോകുന്ന തോണികൾ വരെയുണ്ട്.അഴിയൂർ പൂഴിത്തല മുതൽ മടപ്പള്ളി അറക്കൽ കടൽപ്പുറം വരെയുള്ള ഭാഗങ്ങളിൽ വിവിധങ്ങളായ നൂറുക്കണക്കായ തോണികളുണ്ട്. ഇവിടെയും കടൽ തീരത്തെ കരിങ്കൽത്തട ഇളകിത്തുടങ്ങിയിരിക്കുന്നു. തീരത്തെ കല്ലിന് മുകളിൽ അടിച്ചു കയറുന്ന തിര കടലിലേക്ക് വലിയുന്നതിനൊപ്പം പൂഴി നീങ്ങി കല്ലുകളും താഴന്നു തുടങ്ങിയിരിക്കയാണ്. ഇതിനിടയിലാണ് ഇപ്പോൾ ഫാനി ഭീഷണി ഭീതിപരത്തുന്നത്. സുനാമിയും ഓഖിയും അറക്കൽ കടൽത്തീര പ്രദേശവാസികൾക്ക് കാര്യമായി ബാധിച്ചിട്ടില്ല. ഇവിടുത്തെ തോണിക്കാരിലൊക്കെയും പ്രകൃതിയുടെ മാറ്റവും കടൽകോളും തിരിച്ചറിയുന്നവരുണ്ട്. ഇവരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രവർത്തന ശൈലിയായതിനാലും അറക്കൽ ഭഗവതിയുടെ കടാക്ഷവുമാവാം അറക്കൽ കടപ്പുറം ഇക്കാലം വരെയും പിണങ്ങിയിട്ടില്ല. ഫാനി ഭീഷണിക്കു പുറമെ തീരദേശ റോഡിനായി നിശ്ചിതദൂരം തീരദേശ വാസികളെയാകെ ഒഴിപ്പിക്കുമെന്നതാണ് ഇപ്പോൾ മറ്റൊരു വലിയ ഭീഷണി. ഇവിടെ ഒഴിപ്പിക്കപ്പെടുന്ന കടലിൽ തിര താണ്ടി വലയെറിഞ്ഞ് മീൻ പിടിക്കുന്ന ജോലി ചെയ്തുവരുന്നവർ എന്തു ജോലി ചെയ്തു ജീവിക്കും എന്നതാണ് ഇപ്പോഴത്തെ ആധിക്ക് കാരണം. അതെ തീരദേശവാസികൾക്ക് ഭീഷണി ഒഴിഞ്ഞ നേരമില്ലെന്ന് കുട്ടിക്കാലം മുതൽ കടലിൽ പോകുന്ന 60 വയസുള്ള അറക്കൽ കറുകച്ചാൽ ദിവാകരൻ പറയുന്നു.