കോഴിക്കോട്: വിറ്റമിൻ എ, വിറ്റമിൻ ഡി എന്നിവയുടെ കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭാരത സർക്കാറിന്റെ ഫുഡ് ഫോർട്ടിഫിക്കേഷൻ പദ്ധതിയിൽ മിൽമയും ഭാഗമാകുന്നു. മേയ് ഒന്ന് മുതൽ തിരുവന്തപുരം, കോഴിക്കോട് ഡയറികളിൽ നിന്ന് മിൽമ വിതരണം ചെയ്യുന്ന ഹോമോജനൈസ്ഡ് ടോൺഡ് പാൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ അളവിൽ വിറ്റമിൻ എ, വിറ്റമിൻ ഡി എന്നിവ ചേർത്ത് കൂടുതൽ പോഷക സമ്പുഷ്ടമാക്കും. നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (എൻ.ഡി.ഡി.ബി), ടാറ്റാ ട്രസ്റ്റ്, ദി ഇന്ത്യ ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ടി.ഐ.എൻ.ഐ) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിറ്റമിൻ എയുടെ കുറവ് കാഴ്ച വൈകല്യത്തിനും വിറ്റമിൻ ഡിയുടെ കുറവ് കുട്ടികളിൽ എല്ലുകളെ ബാധിക്കുന്ന പിള്ളവാതം, മുതിർന്നവരിൽ കാണുന്ന അസ്ഥിക്ഷതം മുതലായ രോഗങ്ങൾക്കും കാരണമാകും. ഒരു ഗ്ലാസ് ഫോർട്ടിഫൈഡ് മിൽമ പാൽ കുടിക്കുമ്പോൾ വിറ്റമിൻ എ പ്രതിദിന ആവശ്യകതയുടെ ഏകദേശം 47 ശതമാനവും വിറ്റമിൻ ഡി ഏകദേശം 34 ശതമാനവും ലഭ്യമാകും.
ഉടൻ തന്നെ എറണാകുളത്തും മറ്റ് ജില്ലകളിലും ഫോർട്ടിഫൈഡ് മിൽമ പാൽ ലഭ്യമാക്കും. പാലിന്റെ വിലയിൽ മാറ്റമുണ്ടാവില്ല.