കുറ്റ്യാടി: ഒരു കാലത്ത് മൽസ്യ വ്യാപാരികൾ വാരിക്കോരി കൊടുത്തിരുന്ന മത്തി ദുർലഭമായി മാത്രം കിട്ടുന്ന മത്സ്യമായി മാറുന്നു. കേരളീയ മൽസ്യഭക്ഷണ പ്രിയരുടെ മുഖ്യ മത്സ്യ വിഭവവുമാണ് മത്തി. അധ്വാനവർഗം ശാരീരിക ക്ഷമതയ്ക്കായി കപ്പയും മത്തിയും ഭക്ഷിക്കുന്നത് കാലങ്ങളായി തുടരുന്ന ശീലമാണ്. പച്ചക്കുരുമുളക് അരച്ച് ചേർത്ത കുഞ്ഞി മത്തി കറിയും, മത്തി മുളകിട്ടതും മലബാറുകാരുടെ നാവിന്റെ രുചി മുകുളങ്ങളെ ഹരം പിടിപ്പിക്കുമായിരുന്നു. ഇതൊക്കെ സ്വപ്നമായി മാറുമോ എന്ന് ആശങ്കിക്കേണ്ട അവസ്ഥയാണ്. നാട്ടിൽപുറങ്ങളിൽ ഓടി നടക്കുന്ന മൽസ്യ വ്യപാരികളുടെ പെട്ടിയിൽ ഇപ്പോൾ മത്തി കാണാനില്ല. ഉണ്ടെങ്കിൽ കിലോവിന് ഇരുന്നൂറിലധികം രൂപ വില നൽകേണ്ടി വരും.

കുറ്റ്യാടി, മരുതോങ്കര, മൊകേരി, കായക്കൊടി, തൊട്ടിൽപാലം തുടങ്ങിയ മലയോര മേഖലയിൽ തലശ്ശേരി, ചോമ്പാൽ, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നാണ് മൽസ്യമെത്തുന്നത്. മത്തി ഇല്ലാത്തതിനാൽ മീൻ ചന്തകളിൽ മറ്റു ചെറു മൽസ്യങ്ങൾ മത്തിയുടെ സ്ഥാനം പിടിച്ചെങ്കിലും, വിലയിൽ കുറവില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് വർദ്ധിക്കുമ്പോൾ കടലിൽ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് പോകുമെങ്കിലും വേനൽമഴയെത്തിയാൽ മീൻ ചാകരയ്ക്ക് സാദ്ധ്യത ഉണ്ടാവാറുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. വരും നാളുകളിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കാം എന്നാണ് വ്യാപാരികൾ പറയുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ കൂടുതൽ ആരോഗ്യത്തിന്നും മനുഷ്യന്റെ ബുദ്ധിവികാസത്തിനും നല്ലതാണെന്നും പ്രോട്ടീന്റെ കലവറയായ മത്തിയിൽ വൈറ്റമിൻ എ, ബി, എന്നിവ ധാരാളമടങ്ങിയിരിക്കുതായും ആധുനിക ശാസ്ത്രവും വ്യക്തമാക്കുന്നു. ആഘോഷ നാളുകൾ വരാനിരിക്കെ നമ്മുടെ അടുക്കളയിലെ മൺചട്ടിയിലെ രുചിക്കൂട്ടിൽ മത്തി ഒഴിവകില്ല എന്ന് പ്രത്യാശിക്കാം.

പടം :കുറ്റിയാടി മാർക്കറ്റിലെ മൽസ്യ വിതരണ കേന്ദ്രത്തിൽ നാമമാത്രമായി നടത്തുന്ന മത്തി വിൽപ്പന