പേരാമ്പ്ര : കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ട്, നാല് വാർഡുകളിലെ 110 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ജലനിധി പദ്ധതി നടപ്പിലാക്കിയതിലുള്ള അപാകതയാണ് ഇതിന് കാരണമെന്ന് ആരോപണമുയർന്നു. പഞ്ചായത്തിലെ തണ്ടപ്പുറം, പുളിയാംപൊയിൽ, ചെങ്ങോടുമല പ്രദേശത്തുള്ളവരാണ് കുടിനീര് ലഭിക്കാതെ പ്രയാസപ്പെടുന്നത്. ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ ആദ്യം നടപ്പിലാക്കിയ ചെങ്ങോടുമല, തണ്ടപ്പുറം, പുളിയാംപൊയിൽ പദ്ധതികൾ പരാജയപ്പെട്ടതതോടെയാണ് ഇവിടെ ജലനിധി പദ്ധതി ആരംഭിച്ചത്. ചെങ്ങോടുമല പദ്ധതി ക്വാറി മാഫിയക്ക് വേണ്ടി വളരെ ആസൂത്രിതമായാണ് പരാജയപ്പെടുത്തിയതായും പറയുന്നു. പദ്ധതിയുടെ ടാങ്ക് പൊളിച്ചുമാറ്റുകയും ചെയ്തു. പുളിയാംപൊയിൽ പദ്ധതിക്ക് ടാങ്ക് നിർമിക്കാൻ കഴിഞ്ഞില്ല. തണ്ടപ്പുറം പദ്ധതിക്ക് വേണ്ടി നിർമിച്ച കിണറിൽ വെള്ളം വറ്റിയതോടെ അതും പരാജയപ്പെടുകയായിരുന്നു. ജലനിധി ചെങ്ങോടുമല, തണ്ടപ്പുറം കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. ചെങ്ങോടുമല പദ്ധതിയിൽ 56 ഗുണഭോക്താക്കളും തണ്ടപ്പുറം പദ്ധതിയിൽ 55 ഗുണഭോക്താക്കളുമാണുള്ളത്. ഈ രണ്ട് പദ്ധതിക്കും ഒരു കിണർ ഉപയോഗിച്ചതാണ് കുടിവെള്ളം കിട്ടാത്തതിന്റെ പ്രധാന കാരണം. പുളിയാംപൊയിൽ പദ്ധതിക്ക് വേണ്ടി നേരത്തെ എരഞ്ഞോളി താഴെ നിർമിച്ച കിണറാണ് ഈ രണ്ട് പദ്ധതിക്കും വേണ്ടി ഉപയോഗിക്കുന്നത്. നിത്യവും രണ്ട് മോട്ടോർ പ്രവർത്തിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ പല കുടുംബങ്ങൾക്കും വെള്ളം ലഭിക്കുന്നില്ല. കൂടാതെ വെള്ളം അമിതമായി എടുക്കുന്നതു കാരണം ഈ കിണറിനു സമീപത്തെ വീടുകളിലെ കിണറുകളില്ലെന്നും വെള്ളമില്ലാത്ത അവസ്ഥയാണ്. രണ്ട് കിണർ വേണ്ട സ്ഥാനത്ത് ഒന്നാക്കി മാറ്റിയതാണ് വെള്ളം ലഭിക്കാത്ത അവസ്ഥക്ക് കാരണം. 4000 രൂപഗുണഭോക്തൃവിഹിതവും പ്രതിമാസം 150 രൂപയും ഓരോ കുടുംബങ്ങളും കൊടുക്കുന്നുണ്ട്. നേരത്തെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ചെങ്ങോടുമല പദ്ധതിയുടെ കിണർ മൂലാട് ഇല്ലത്ത് താഴെ നിലവിലുണ്ട്. കനാൽ ഉള്ളതുകൊണ്ടുതന്നെ ഇവിടെ കടുത്ത വേനലിലും വെള്ളത്തിന് പ്രയാസമുണ്ടാവില്ല. ജലനിധിയുടെ ചെങ്ങോടുമല ഗുണഭോക്താക്കൾക്ക് ഈ കിണറിൽ നിന്നും വെള്ളം ലഭ്യമാക്കിയാൽ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് ഗുണഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്. ജലം സുലഭമായ ഈ കിണർ ഉപയോഗപ്പെടുത്താതെ അധികൃതർ ലാഭം നോക്കിയതാണെന്നും ഗുണഭോക്താക്കൾ ആരോപിക്കുന്നു. രണ്ട് കിണർ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
പടം: ചെങ്ങോടുമല, തണ്ടപ്പുറം ജലനിധി പദ്ധതികൾക്ക് ഉപയോഗിക്കുന്ന എരഞ്ഞോളിതാഴെയുള്ള കിണർ