പേരാമ്പ്ര: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരെ ചൂഷണം ചെയ്യുന്ന പെപ്‌സികോ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നവശ്യപ്പെട്ടു എസ്എഫ്‌ഐ പേരാമ്പ്രയിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഉരുളക്കിഴങ്ങ് കൃഷി കമ്പനിക്ക് മാത്രം അധീനമാണ് എന്ന നിലയിലാണ് പെപ്‌സികോ മാറ്റിയെടുക്കുന്നതെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. കർഷകർ കൃഷി ഇറക്കിയത് ചൂണ്ടിക്കാട്ടി കോടതിയിൽ ഭീമൻ തുക നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുകയാണ് നിലവിൽ പെപ്‌സികോ. ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ കർഷകർക്ക് കൃഷിയിറക്കാൻ പോലും കഴിയാത്ത സ്ഥിതിയിലേക്ക് നീങ്ങുകയാണ് കുത്തക കമ്പനികളെന്നും കൂട്ടയ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ച എസ്എഫ്‌ഐ ജില്ല ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ് കൂട്ടിച്ചേർത്തു. ഏരിയ പ്രസിഡന്റ് എം.എം. അർജുൻ മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അശ്വിൻ സുരേഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്യ സത്യൻ, എസ്.ബി. അർജുൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കിരൺ ബാബു സ്വാഗതം പറഞ്ഞു.