@ ആവശ്യമായ സൗകര്യം ഉടൻ ഒരുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു

കോഴിക്കോട്: ഏറെ കാലമായി പ്രതിസന്ധി നേരിടുന്ന സൗത്ത് ബീച്ചിലെ ലോറി പാർക്കിംഗിന് ബദൽ സംവിധാനം ഒരുങ്ങുന്നു. തോപ്പയിലിൽ പാർക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗംതീരുമാനിച്ചു.

ജില്ല കളക്ടർ എസ്. സാംബ ശിവറാവുവിന്റെ നിർദേശപ്രകാരമാണ് പാർക്കിംഗിന് തോപ്പയിൽ ഭാഗത്ത് സൗകര്യമൊരുക്കുക. ഇതിനായി 1.9ലക്ഷംരുപ നീക്കിവെക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു.
15 ദിവസത്തിനകം ബദലൊരുക്കാനായിരുന്നു കഴിഞ്ഞ ദിവസം കളക്ടർ നിർദേശിച്ചിരുന്നത്. നൂറുകണക്കിന് ലോറികളാണ് ദിവസേന വലിയങ്ങാടിയിലെത്തുന്നത്. ഇവ നിറുത്തിയിട്ടിരുന്നത് സൗത്ത് ബീച്ചിലെ റോഡരികലായിരുന്നു. അനധികൃത ലോറി പാർക്കിംഗിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തുടർച്ചയായ അപകടങ്ങൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ലോറി പാർക്കിംഗ് വഴിയൊരുക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. നിരവധ സമരങ്ങളും ഇതിന്റെ ഭാഗമായി അവർ നടത്തി. സൗത്ത് ബീച്ച് നവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ലോറി പാർക്കിംഗ് ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നത്.

ദേശീയ പാതയിലെ ഓടകളിലെ മണ്ണ് നീക്കും. ജലസേചന വകുപ്പിന്റെ കീഴിലുള്ള കനാലിലൂടെ വെള്ളം എത്താത്തത് കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കുന്ന സാഹചര്യം വാട്ടർ അതോറിട്ടിയുട ശ്രദ്ധയിൽ പെടുത്തുമെന്ന് മേയർ അറിയിച്ചു.
എൽ.ഇ.ഡി ബൾബുകളും സോഡിയം വേപ്പർലാമ്പ് ലൈറ്റുകളും നന്നാക്കിയതായി പൊതുമരാമത്ത് ത്ഥിരംസമിതി ചെയർപേഴ്സൺ ടി.വി. ലളിത പ്രഭ പറഞ്ഞു. മൾട്ടിപർപ്പസ് ഹൈമാസ്റ്റ് തൂണുകൾ സ്ഥാപിക്കുന്നതിനിനായി കമ്പനികളെ കണ്ടെത്താനുള്ള ടെക്‌നിക്കൽ കമ്മറ്റി യോഗം മെയ് മൂന്നിന്‌ ചേരുമെന്ന് അവർ അറിയിച്ചു.

ഡെപ്യട്ടി മേയർ മീര ദർശക്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.സി. രാജൻ, എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ പി. ബിജുലാൽ, കെ.ടി. ബീരാൻ കോയ, എം. കുഞ്ഞാമുട്ടി, കെ. നിർമല, നമ്പിടി നാരായണൻ, മുഹമ്മദ് ഷെമീൽ എന്നിവർ സംസാരിച്ചു.

@ മൊബിലിറ്റി ഹബ് പ്രൊജക്ട് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്

മലാപ്പറമ്പിൽ നിർമിക്കാൻ തീരുമാനിച്ച മൊബിലിറ്റി ഹബിന്റെ പ്രൊജക്ട് തയ്യാറാക്കൽ, പദ്ധതി നടത്തിപ്പ് എന്നിവ കൊച്ചി മെട്രോ റെയിൽ കോർപറേഷനെ ഏൽപ്പിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. 20 ഏക്കറിൽ 600 കോടി രുപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

മൊബിലിറ്റി പദ്ധതിയ്ക്കായി സ്ഥലം വിട്ടുനൽകാൻ ഭൂരിഭാഗം ഉടമകളും തയ്യാറായിട്ടുണ്ട്. സ്ഥലമുടമകളുടെ പങ്കാളിത്തത്തോടെ പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ( പി.പി.പി ) മാതൃകയിലാണ് നിർമാണം.

@ കന്നുകാലികളെ പിടിക്കാൻ അമ്പതിനായിരം


നഗരത്തിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിക്കാൻ 50,000 രൂപ അനുവദിക്കുമെന്ന് മേയർ പറഞ്ഞു. അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടികൂടാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കൗൺസിൽ പാർട്ടി ലീഡ‌ വി.‌ടി. സത്യൻ ശ്രദ്ധക്ഷണിച്ചു. നൽകുന്ന തുക കുറവായതിനാൽ കന്നുകാലികളെ പിടിക്കാൻ ആളെ കിട്ടുന്നില്ലെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് 50,000 രൂപ അനുവദിക്കാൻ യോഗം തീരുമാനിച്ചത്. കന്നുകാലികളെ പിടികൂടി ലേലം ചെയ്തതിലൂടെ കോർപ്പറേഷന് ഒന്നര വർഷത്തിനിടെ അഞ്ച് ലക്ഷം രൂപയുടെ വരുമാനമുണ്ടായതായി ആരോഗ്യ സമിതി ചെയർമാൻ കെ.വി. ബാബുരാജ് വ്യക്തമാക്കി.