കോട്ടയം: രണ്ടു പേർ മുൻ എം.എൽ.എമാർ. ഒരാൾ മുൻ എം.പി. മൂവരും പാർലമെന്ററി രംഗത്ത് മികച്ച പ്രകടനത്തിന്റെ ട്രാക്ക് റെക്കാഡ് ഉള്ളവർ, ആരു ജയിച്ചാലും കോട്ടയത്തുകാർക്ക് മികച്ച പാർലമെന്റേറിയനെ കിട്ടും. ത്രികോണ മത്സരച്ചൂടുള്ള കോട്ടയത്ത് യു.ഡി.എഫിലെ തോമസ് ചാഴികാടനും എൽ.ഡി.എഫിലെ വി.എൻ.വാസവനും മുൻ എം.എൽ.എമാർ. ആറു തവണ എം.പിയായ പി.സി തോമസ് എൻ.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പി കൂടിയാണ്.
ജില്ലാ സെക്രട്ടറിയായ വി.എൻ.വാസവനെ രംഗത്തിറക്കി സി.പി.എം തുടക്കത്തിൽ മേധാവിത്വം നേടിയെങ്കിലും ജോസഫ് വിഭാഗം ഉയർത്തിയ അസ്വാരസ്യങ്ങൾ പരിഹരിക്കാനായതാണ് കേരളാകോൺഗ്രസ് (എം) സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ നേട്ടം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപേ കളത്തിലിറങ്ങിയതിനാൽ പ്രചാരണത്തിൽ പി.സി. തോമസ് ഇരു മുന്നണികൾക്കും ഒപ്പത്തിനൊപ്പമാണ്. തോമസ് ചാഴികാടനും പി.സി. തോമസും കെ.എം.മാണിയുടെ ശിഷ്യന്മാർ. രണ്ട് കേരളാ കോൺഗ്രസുകൾ നേർക്കു നേരെ മത്സരിക്കുന്ന ഏക മണ്ഡലവും കോട്ടയമാണ്. റബറും വികസനവും മാത്രമല്ല മത- സാമുദായിക പ്രശ്‌നങ്ങളും കോട്ടയത്ത് പ്രചാരണ വിഷയമാണ്. അതുകൊണ്ടുതന്നെ ശബരിമലയും പള്ളിത്തർക്കവും ചർച്ച് ആക്ടുമെല്ലാം മുന്നണി നേതാക്കളുടെ പ്രസംഗങ്ങളിൽ തരാതരം പോലെ നിറയുന്നു.
വലതുപക്ഷത്തിന്റെ കോട്ടയെന്നാണ് കോട്ടയത്തെക്കുറിച്ച് പൊതുവേ പറയാറ്. കോൺഗ്രസിനായാലും കേരള കോൺഗ്രസിനായാലും നല്ല വളക്കൂറുള്ള മണ്ണ്. കഴിഞ്ഞ 16 തിരഞ്ഞെടുപ്പുകളിൽ 11 തവണയും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചു. പാർട്ടിഭേദമില്ലാതെ യുവ സ്ഥാനാർത്ഥികളെ വേണ്ടത്ര സഹായിച്ചിട്ടുമുണ്ട്. രമേശ് ചെന്നിത്തലയും സുരേഷ് കുറുപ്പും പുതുമുഖങ്ങളായെത്തി കോട്ടയത്തു നിന്ന് ഡൽഹിക്ക് വണ്ടി പിടിച്ചവർ.
2009-ൽ മണ്ഡലത്തിന്റെ സ്വഭാവം മാറി. മൂവാറ്റുപുഴ ഇല്ലാതായപ്പോൾ പിറവവും പാലായും കോട്ടയത്തേക്കു ചേർന്നു. പകരം ചങ്ങനാശേരി മാവേലിക്കരയിലേക്കു പോയി. കഴിഞ്ഞ തവണ 1.20 ലക്ഷം വോട്ടിന് ജോസ് കെ.മാണി ജയിച്ച മണ്ഡലത്തിൽ ഇക്കുറി പുതിയ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. ഇവരായിരിക്കും ഇത്തവണ കോട്ടയത്തിന്റെ ഭാവി നിർണയിക്കുക.
കെ.എം.മാണിയുടെ പാലായും ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും അനൂപ് ജേക്കബിന്റെ പിറവവും മോൻസ് ജോസഫിന്റെ കടുത്തുരുത്തിയും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണ്. ഏഴിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളും വലതു കോട്ടകളാണെങ്കിൽ ഏറ്റുമാനൂരും വൈക്കവുമാണ് എൽ.ഡി.എഫിനെ തുണയ്‌ക്കുന്നത്.
2009-ൽ മണ്ഡലം മാറിയതും, ജോസ് കെ മാണി എം.പിയുടെ വികസന പ്രവർത്തനങ്ങളും, മത- സാമുദായിക വോട്ടുകളുമാണ് യു.ഡി.എഫിന് ധൈര്യം നൽകുന്ന പ്ളസ് പോയിന്റുകൾ. എന്നാൽ തിരഞ്ഞെടുപ്പ് ലോക്‌സഭയിലേക്കാകുമ്പോൾ നിയമസഭാ മണഡലങ്ങളുടെ കിടപ്പു നോക്കേണ്ടെന്ന് സി.പി.എം പറയുന്നു.
രാജ്യസഭയിലേക്കു പോയതിലൂടെ മണ്ഡലം അനാഥമാക്കിയ ജോസ് കെ.മാണിയോടുള്ള വിരോധവും സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയിലുള്ള വ്യക്തിബന്ധങ്ങളും സ്വാധീനവും തുണയ്‌ക്കുമെന്ന വിശ്വാസത്തിലാണ് വി.എൻ. വാസവൻ. മുമ്പ് മൂവാറ്റുപുഴ എം.പിയായിരുന്ന പി.സി.തോമസിന് പാലായിലും പിറവത്തും ശക്തമായ സ്വാധീനമുണ്ട്. ബി.ഡി.ജെ.എസിന് നിർണായക വോട്ടുകളുള്ള കോട്ടയത്ത് വിജയം സുനിശ്ചിതമാണെന്ന് എൻ.ഡി.എയും കണക്കുകൂട്ടുന്നു.