കടപ്ലാമറ്റം: വേനൽ കടുത്തതോടെ ജില്ലയിലെ പല പ്രദേശങ്ങളും ജലക്ഷാമം മൂലം കേഴുമ്പോൾ കടപ്ലാമറ്റം ടൗണിൽ ഇന്നലെ രാവിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വാട്ടർ അതോറിട്ടിയുടെ ഇലയ്ക്കാട് - ആലയ്ക്കാപിള്ളി ജലസംഭരണിയിലേക്കുള്ള പെപ്പ് ആണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനാൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജലത്തിന്റെ മർദ്ദം മൂലം റോഡിലെ ടാറിംഗ് പൊട്ടിപ്പൊളിയുകയും വലുതും ചെറുതുമായ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
തിരുവല്ല - നെടുമ്പാശ്ശേരി - കെ. ആർ നാരായണൻ റോഡിൽ ടൗണിന്റെ മദ്ധ്യഭാഗത്താണ് പൈപ്പ് പൊട്ടി ജലം പാഴായത്. പൈപ്പിന്റെ കാലപ്പഴക്കം മൂലമോ അല്ലെങ്കിൽ ജലത്തിന്റെ മർദ്ദം മൂലമോ ആയിരിക്കാം പെപ്പ് പൊട്ടിയതെന്നാണ് കരുതുന്നത്. കടപ്ലാമറ്റം ടൗണിന് സമീപത്തെ പ്ലംബർ എത്തിയാണ് പൊട്ടിയ പൈപ്പ് താത്കാലികമായിട്ടെങ്കിലും ബ്ലോക്ക് ആക്കിയത്. റോഡ് തകർന്നതോടെ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
നിരവധി സ്വകാര്യ വാഹനങ്ങൾ, കെ.എസ്.ആർ.ടി സി ഉൾപ്പെടെയുള്ള ബസുകൾ കടന്നു പോകുന്ന റോഡാണിത്. നിർമ്മാണ സാമഗ്രികൾ ആയിട്ടു പോകുന്ന ടോറസ് ഉൾപ്പെടെ ഭാരവണ്ടികൾ കടന്നു പോകുന്ന സ്ഥലവുമാണ് . വേനൽ രൂക്ഷമായതോടെ വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. ഇതോടെ ഇനി കുടിവെള്ളം എന്ന് കിട്ടുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.