jenardhanan

വൈക്കം : ''പരിചയപ്പെടുത്താൻ മുഖവുര വേണ്ടാത്ത ജനപ്രിയ നായകൻ... അക്ഷര നഗരി കണ്ടെടുത്ത ചുവന്ന മുത്ത്....'' ഉച്ചഭാഷിണി ഘ‌ടിപ്പിച്ച വാഹനത്തിൽ നിന്ന് ഈ ശബ്ദം കേൾക്കുമ്പോഴേ നാൽക്കവലയിൽ കൂടി നിൽക്കുന്നവർ തിരിച്ചറിയുന്നു : അത് വൈക്കം ജനാർദ്ദനന്റെ ശബ്ദമാണ്.

അര നൂറ്റാണ്ട് പിന്നിടുകയാണ് ക്ഷേത്ര നഗരിയുടെ രാജവീഥികളിലും ഗ്രാമങ്ങളിലെ ഇടവഴികളിലുമെല്ലാം ഈ ശബ്ദം പ്രതിദ്ധ്വനിച്ച് തുടങ്ങിയിട്ട്.

'' ഒരൊറ്റ നാടകം കൊണ്ട് നാടാകെ ചോപ്പിച്ച നാലക്ഷരം .. കെ പി എ.സി ...'' പണ്ട് കെ. പി.എ.സി നാടകങ്ങൾ വൈക്കത്ത് അവതരിപ്പിക്കുമ്പോൾ ജനാർദ്ദനനായിരുന്നു അനൗൺസ്മെന്റ്. ഹൃദയത്തിൽ പതിയുന്ന വാക്കുകൾ. അക്ഷര ശുദ്ധി. സ്ഫുടത എല്ലാം ജനാർദ്ദനന്റെ പ്രത്യേകതകളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് നന്നെ ചെറുപ്പത്തിലേ തോന്നിയ ആകർഷണമാണ് ജനാർദ്ദനനെ അനൗൺസ്മെന്റ് രംഗത്തെത്തിച്ചത്. വളരെ വേഗം നാലാളറിയുന്ന പ്രൊഫഷണൽ അനൗൺസറായി. ഉത്സവമായാലും പെരുന്നാളായാലും സമ്മേളനമായാലും തിരഞ്ഞെടുപ്പായാലും പരസ്യമായാലും ജനാർദ്ദനന്റെ ശബ്ദം അനൗൺസ്മെന്റിലെ അന്തസ്സായി മാറി. തിരഞ്ഞെടുപ്പിന് ഇടതുപക്ഷത്തിനു വേണ്ടി മാത്രമേ മൈക്ക് കൈയിലെടുക്കൂ. അതിന് പ്രതിഫലവും വേണ്ട. അത് ജനാർദ്ദനന്റെ രാഷ്ട്രീയമാണ്. തന്റെ ശബ്ദം സൗജന്യമായി നൽകുന്ന മറ്റൊരിടം കൂടിയുണ്ട്. വൈക്കം മഹാദേവക്ഷേത്രം . കമ്മ്യൂണിസ്റ്റാണെങ്കിലും ശ്രീമഹാദേവന്റെ കറതീർന്ന ഭക്തനാണ് ജനാർദ്ദനൻ. അതുകൊണ്ടു ക്ഷേത്രവുമായി ബന്ധപ്പെട്ട അനൗൺസ്മെന്റിനും പണം വാങ്ങില്ല.

മാർക്സിന്റെ മൂലധനം മുതൽ ഭഗവത്ഗീത വരെ എന്തിനേക്കുറിച്ചും സംസാരിക്കുന്ന ജനാർദ്ദനൻ പത്താംക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളൂ. അനൗൺസ്മെന്റിൽ ഭാഷ പ്രശ്നമായിട്ടില്ല . മലയാളമായാലും തമിഴായാലും തെലുങ്കായാലും കന്നടയായാലും ആംഗലേയമായാലും ഈ ശബ്ദം ഒഴുകിയെത്തുമ്പോൾ ആരും കാതോർക്കും.

വൈക്കത്തുകാരനും മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.എസ്.ശ്രീനിവാസൻ, നാടകാചാര്യൻ എൻ.എൻ.പിള്ള, വൈക്കം വിശ്വൻ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി നിരവധി പ്രമുഖർ ജനാർദ്ദനന്റെ ശബ്ദഗാംഭീര്യത്തെ പ്രശംസിച്ചിട്ടുണ്ട്. അനൗൺസ്മെന്റ് രംഗത്തെ അൻപതാണ്ടിന്റെ നിറവിൽ 72 കാരനായ ജനാർദ്ദനൻ കത്തുന്ന വെയിലിലും കർമ്മനിരതനാണ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വരവറിയിച്ച് വാഹന വ്യൂഹത്തിന്റെ ഏറ്റവും മുന്നിൽ ജനാർദ്ദനനുണ്ട്.