one-way

തലയോലപ്പറമ്പ് : തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നു, വീതിയാണേൽ പേരിന് പോലും ഇല്ല. ഒപ്പം രൂക്ഷമായ ഗതാഗതക്കുരുക്കും. ഇതിനിടയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നതാകട്ടെ പാവം കാൽനടയാത്രക്കാരും. കെ.ആർ.സ്ട്രീറ്റ് - മാർക്കറ്റ് റോഡിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ദുരിതം. വൺവേ സംവിധാനം ഏർപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. പക്ഷെ ആര് ഇതൊക്കെ നടപ്പാക്കും. കുരുക്കിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് കുറുകെ കടക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന ആശങ്കയുമുണ്ട്.

കെ.ആർ.സ്ട്രീറ്റ് വഴി പാലാംകടവിലേക്ക് വാഹനങ്ങൾ പോകുന്നതാണ് പ്രധാന റോഡിലും മാർക്കറ്റ് ജംഗ്ഷനിലും കുരുക്ക് ഇരട്ടിയാക്കുന്നത്. മുൻപ് വൺവേ സംവിധാനം കർശനമായി നടപ്പിലാക്കിയപ്പോൾ അല്പം ആശ്വാസമുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും പഴയപടിയായി. വാഹനങ്ങൾ കെ.ആർ.സ്ട്രീറ്റിലൂടെ പ്രധാന റോഡിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനായി സ്ഥാപിച്ച സൂചനാ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചുകളഞ്ഞു. ഇരുവശത്തേക്കും പോകുന്നതിനായി വാഹനങ്ങൾ തിരിക്കുന്നതു തലയോലപ്പറമ്പ് - കോട്ടയം പ്രധാന റോഡിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. അപ്രതീക്ഷിതമായി വാഹനങ്ങൾ പ്രധാന റോഡിലേക്ക് വരുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 8 ഓളം അപകടങ്ങളാണുണ്ടായത്. രണ്ടുമാസം മുൻപ് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ തലയോലപ്പറമ്പ് സിലോൺകവല സ്വദേശി മിഥുൻ മാത്യു (25) മരിച്ചിരുന്നു.

വി.ഐ.പികൾ കടന്നുപോകുമ്പോൾ മാത്രം വൺവേ

ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല

ഒരു വർഷത്തിനുള്ളിൽ 8ഓളം അപകടങ്ങൾ

പരിഹാരം ഇങ്ങനെ

* കെ.ആർ.സ്ട്രീറ്റ് വഴി പാലാംകടവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വൺവേ നടപ്പിലാക്കുക

* തിരികെ വരുന്ന വാഹനങ്ങൾ മാർക്കറ്റ് ജംഗ്ഷൻ വഴി പ്രധാന റോഡിലേക്ക് കടത്തിവിടുക