കോട്ടയം: തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കുമ്പോൾ ഒരു നിമിഷം പോലും കളയാനില്ലാതെ സ്ഥാനാർത്ഥികൾ തിരക്കിലമർന്നു. പത്രിക സമർപ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് കോട്ടയത്ത് റോഡ് ഷോ സംഘടിപ്പിക്കുമ്പോൾ ഇന്ന് നടക്കുന്ന പത്രികാ സമർപ്പണം ആവേശകരമാക്കാനാണ് വി.എൻ.വാസവന്റെ തീരുമാനം. വൈക്കം മണ്ഡലത്തിലൂടെ റോഡ് ഷോ സംഘടിപ്പിച്ച പി.സി. തോമസ് നാലിനാണ് പത്രിക സമർപ്പിക്കുക.

രാവിലെ ഏഴ് മണിക്ക് മുൻപായി പ്രചരണം തുടങ്ങുകയാണ് സ്ഥാനാർത്ഥികൾ. ഒരു ദിവസം അമ്പത് സ്വീകരണ സ്ഥലങ്ങൾ വരെയുണ്ട്. വെയിൽ തുടങ്ങുന്നതിന് മുൻപ് പരമാവധി ആളുകളെ നേരിട്ട് കണ്ട് കരംഗ്രഹിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഉത്സവങ്ങളുടെയും പെരുന്നാളുകളുടേയും സീസണായതിനാൽ ഒറ്റസ്ഥലത്തെത്തിയാൽ ഒരുപാട് പേരെ നേരിട്ട് കാണാമെന്ന ഗുണവുമുണ്ട്.

കോട്ടയത്തെ കിടുക്കാൻ ചാഴികാടൻ


ആരവമില്ലാതെ പത്രികാ സമർപ്പണം നടത്തിയതിന്റെ ക്ഷീണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം നഗരത്തിൽ നടത്തുന്ന റോഡ് ഷോയിലൂടെ പരിഹരിക്കാനാണ് തോമസ് ചാഴികാടന്റെ ശ്രമം. കളക്ടറേറ്റ് ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിൽ അവസാനിക്കുന്ന റോഡ് ഷോയിൽ സ്ഥാനാർത്ഥിക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ. മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും.

കടുത്തുരുത്തി മണ്ഡലത്തിലായിരുന്നു ഇന്നലെ ചാഴികാടന്റെ പര്യടനം. ജോസ് കെ.മാണിയുടെ വികസനം എണ്ണിപ്പറഞ്ഞാണ് സ്ഥാനാർത്ഥിയുടെ പ്രസംഗം. മാൻവെട്ടത്ത് നിന്ന് ആരംഭിച്ച പ്രചരണം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, മാഞ്ഞൂർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം ഒരുക്കിയിരുന്നു. സ്ഥാനാർത്ഥിയെ തുറന്ന വാഹനത്തിൽ സ്വീകരിച്ചു. ചെണ്ടമേളവും, താലപ്പൊലിയും മുത്തുക്കുടയും പുഷ്പവൃഷ്ടിയുമായാണ് ഈ കേന്ദ്രങ്ങളിലെല്ലാം സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്.

വാസവൻ ഇന്ന് പത്രിക സമർപ്പിക്കും

ഇന്ന് രാവിലെ 10ന് വി.എൻ. വാസവൻ പത്രിക സമർപ്പിക്കുക. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ആഘോഷമായാണ് പത്രികാ സമർപ്പണം. സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി വൈക്കത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യും. വോട്ടർമാരെ ആകർഷിക്കാനായി പ്രചരണ വീഡിയോയാണ് വാസവന്റെ ഹൈലൈറ്റ്സ്. വരണം വാസവൻ എന്ന് പേരിട്ടിരിക്കുന്ന പ്രെമോ വീഡിയോ പൊതുപ്രവർത്തന രംഗങ്ങൾ കോർത്തിണക്കിയാണ് നിർമിച്ചത്. വി എൻ വാസവന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടലുകളും അടക്കം ഉൾപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി, സംവിധായകൻ,​ രഞ്ജി പണിക്കർ, കെ ആർ മീര, സംവിധായകൻ ഭദ്രൻ, ആർട്ടിസ്റ്റ് സുജാതൻ, ശബരിമല മുൻ മേൽ ശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ, മാതംഗി സത്യമൂർത്തി, നവജീവൻ ട്രസ്റ്റ് ഉടമ പി യു തോമസ്, തിരക്കഥാകൃത്ത് സുരേഷ് ബാബു, മാത്തൂർ ഗോവിന്ദൻകുട്ടി തുടങ്ങിയവരുടെ പ്രതികരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംവിധായകൻ ജയരാജിൽ നിന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ സി.ഡി എറ്റുവാങ്ങി.

വൈക്കത്ത് ആവേശമായി പി.സി

റോഡ് ഷോ ശക്തിപ്രകടനമാക്കി മാറ്റി വൈക്കത്ത് പി.സി. തോമസ്. രാവിലെ മുളംതുരുത്തിയിലെ ശ്രീ പൂർണത്രയീശ വാനപ്രസ്ഥാശ്രമത്തിലെ അമ്മമാരുടെ അനുഗ്രഹം വാങ്ങിയാണ് പര്യടനം തുടങ്ങിയത്. തുടർന്ന് കണയന്നൂർ താലൂക്കിലെ ഏരുവേലി ,പിറവം ,പെരുവ ,തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വൈക്കം മണ്ഡലത്തിലെ പ്രധാനപ്പെട്ട മതസ്ഥാപനങ്ങൾ സന്ദർശിച്ച പി.സി തോമസ് സൗഹൃദ സംഭാഷണം നടത്തിയ ശേഷം വൈക്കം ഗോപകുമാറിനെ വീട്ടിലെത്തി കണ്ടു. തുടർന്നായിരുന്നു വൈക്കം മണ്ഡലം കമ്മിറ്റിയുടെ റോഡ് ഷോ. നൂറു കണക്കിന് പ്രവർത്തകരുടെ ബൈക്ക് റാലിയോടെയായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു.