iceplant

വൈക്കം : കോവിലകത്തും കടവ് മത്സ്യമാർക്കറ്റിലെ ഐസ് പ്ലാന്റിൽ അമോണിയ വാതകം ചോർന്നത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.

ഇന്നലെ രാവിലെ 6.30 ഓടെ പരിസരവാസികൾക്കും മാർക്കറ്റിലെ തൊഴിലാളികൾക്കും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ചോർച്ച അറിഞ്ഞത്. പ്രദേശവാസികളായ മറ്റപ്പള്ളിൽ ഹരികൃഷ്ണൻ (15), വിജയ് (8) രാജേഷ്, പ്രീത രാജേഷ്, കല്ലറയ്ക്കൽ ശ്രീമതി (70) തുടങ്ങി നിരവധി പേർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഐസ് പ്ലാന്റിന്റെ നടത്തിപ്പ് കരാർ നൽകിയിരിക്കുകയാണ്. മാർച്ച് 31ന് കാലാവധി അവസാനിച്ചു. 446000 രൂപ വൈദ്യുതി ബിൽ കുടിശികയുള്ളതിനാൽ കെ.എസ്.ഇ.ബി പ്ലാന്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോെടെ പ്ലാന്റ് പ്രവർത്തനം നിലയ്ക്കുകയും അമോണിയ ചോരുകയുമായിരുന്നു. ദ്രവീകൃത രൂപത്തിലുള്ള 12.5 ടൺ അമോണിയ ആണ് ഇവിടെ ഉണ്ടായിരുന്നത്. വൈക്കം ഫയർസ്റ്റേഷൻ ഓഫിസർ എൻ.ഡി.സജീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി വെള്ളം പമ്പ് ചെയ്ത് അമോണിയ നിർവീര്യമാക്കി. വൈദ്യുതിബന്ധം പുന:സ്ഥാപിച്ചതോടെ വാതക ചോർച്ചയ്ക്കും പരിഹാരമായി.

കരാറുകാരനെതിരെ നടപടി : ചെയർമാൻ

വാതക ചോർച്ചയ്ക്ക് കാരണം കരാറുകാരന്റെ കുറ്റകരമായ അനാസ്ഥയാണ്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ നിരുത്തരവാദപരമായി പ്രവർത്തിച്ചതിനും വൈദ്യുതി ബിൽ അടയ്ക്കാതെ നഗരസഭയ്ക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയതിനും കരാറുകാരനെതിരെ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

പി. ശശിധരൻ , നഗരസഭ ചെയർമാൻ

കെ.എസ്.ഇ.ബി അറിയിച്ചില്ലെന്ന്

കോവിലകത്തുംകടവ് എെസ്പ്ലാന്റിലെ വൈദ്യുതി വിച്ഛേദിക്കുന്നത് കെ.എസ്.ഇ.ബിയിൽ നിന്ന് യഥാസമയം അറിയിച്ചിരുന്നില്ലെന്ന് നഗരസഭ അധികൃതർ പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനം നിറുത്തും മുൻപ് അമോണിയ തിരികെ കയറ്റി ടാങ്ക് സുരക്ഷിതമായി അടയ്ക്കണം. ഇതിന് വൈദ്യുതി വേണം. മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി വിച്ഛേദിച്ചതും കരാറുകാരൻ അത് അവഗണിച്ചതുമാണ് ചോർച്ചയ്ക്ക് കാരണം. അതേസമയം വൈദ്യുതി വിച്ഛേദിക്കുന്ന വിവരം കരാറുകാരനെ ഫോണിൽ അറിയിച്ചിരുന്നതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.