വൈക്കം : സാമ്പത്തിക വർഷം അവസാനിച്ചതോടെ വാർഷിക പദ്ധതിയിൽ 98.15 ശതമാനം തുക ചെലവഴിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുൻനിരയിലെത്തി. 2018-19 വർഷത്തെ ജനറൽ ഫണ്ട്, പട്ടികവർഗ ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവയിൽ മുഴുവൻ തുകയും ചെലവഴിച്ചാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് എം.വൈ.ജയകുമാരി പറഞ്ഞു. കാർഷിക മേഖലയിൽ പെട്ടി, പറ, മോട്ടോർ, ക്ഷീരകർഷകർക്ക് പാൽ , ഇൻസന്റീവ്, കറവ പശുക്കൾക്ക് കാലിത്തീറ്റ, പ്രളയകെടുതി നേരിട്ട സ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ, യു.പി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ഇൻസിനേറ്ററുകൾ, ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, കുലശേഖരമംഗലം എൽ.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം നിർമ്മാണം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പട്ടികജാതി കുടുംബങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് പാർപ്പിട പദ്ധതി തുടങ്ങി 80 ഓളം പദ്ധതികളിലായി 4.5 കോടി രൂപ ചെലവഴിച്ചു.