sabarimala-women-entry

കോട്ടയം: ശബരിമല വിഷയത്തിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും വിമർശിച്ച് എൻ.എസ്.എസ് മുഖപത്രം സർവീസ്. ശബരിമലയെ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും കോൺഗ്രസും കണ്ടതെന്ന് പുതിയ ലക്കം സർവീസിന്റെ എഡിറ്റോറിയലിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നടപടികളെയും വിമർശിക്കുന്ന മുഖപ്രസംഗത്തിൽ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് സമദൂര നിലപാടാണെന്നും ആചാര സംരക്ഷണത്തിനായി വിശ്വാസി സമൂഹത്തോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

''ശബരിമലയിൽ യുവതീ പ്രവേശന വിധിക്കെതിരെ എൻ.എസ്.എസ് റിവ്യൂ ഹർജി ഫയൽ ചെയ്തു. സംസ്ഥാന സർക്കാരുമായി നല്ല ബന്ധത്തിലായിരിക്കെ റിവ്യൂ ഹർജി ഫയൽ ചെയ്യാനും വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെടാനും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടും വഴങ്ങിയില്ല. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാനുള്ള അവസരമാക്കിക്കൊണ്ടുള്ള ഏകപക്ഷീയമായ നടപടികളാണ് സർക്കാരിൽ നിന്നുണ്ടായത്. ബി.ജെ.പിയും യു.ഡി.എഫും യുവതീ പ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്യുകയായിരുന്നു. വിശ്വാസ സംരക്ഷണത്തിനായി നാമജപഘോഷയാത്രയും വിശ്വാസികളുടെ കൂട്ടായ്മയും എൻ.എസ്.എസ് നടത്തിയപ്പോൾ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായാണ് ബി.ജെ.പിയും കോൺഗ്രസും കണ്ടത്. ബി.ജെ.പി നിയമനടപടികൾ സ്വീകരിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതി പ്രവേശനം തടയാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് നിയമനടപടി സ്വീകരിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അധികാരം കൈയിലിരിക്കുന്ന സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനാവശ്യമായ യാതൊരു നിയമനടപടിയും സ്വീകരിച്ചില്ല. ഇനി കോടതി മാത്രമാണ് ആശ്രയം.

ശബരിമല ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മലകയറാൻ ഭക്തജനങ്ങളേയില്ലെന്ന സാഹചര്യമാണുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഇടപെടൽ അവിടില്ല. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ ഇവരിൽ ആർക്കാണ് അവകാശമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസി സമൂഹമാണ്. സമുദായം സമദൂരമാണെങ്കിലും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളും''- മുഖപ്രസംഗം പറയുന്നു.