ചങ്ങനാശേരി: മോട്ടോർവാഹന വകുപ്പിലെ പ്രധാന സേവനങ്ങൾ ഓൺലൈനിലാക്കിയെങ്കിലും ചങ്ങനാശേരി റവന്യൂ ടവറിലെ ആർടി ഓഫീസിൽ ഇടനിലക്കാരും ഏജന്റുമാരുമില്ലാതെ വ്യക്തികൾക്ക് വേഗത്തിൽ സേവനം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഏജന്റുമാരുടെ സഹായമില്ലാതെ ഓൺലൈനായി നേരിട്ട് നൽകുന്ന അപേക്ഷകളിലും ഫൈൻ അടയ്ക്കുന്നതിലും ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥർ കാലതാമസം എടുക്കുന്നതായും വ്യക്തിഗത അപേക്ഷകളേക്കാൾ ഏജന്റുമാരുടെ അപേക്ഷകൾക്ക് ചില ഉദ്യോഗസ്ഥർ പരിഗണന നൽകുന്നതായും പരാതിയുണ്ട്. ഏജന്റുമാർവഴി നൽകുന്ന അപേക്ഷകളിൽ വേഗം നടപടിയുണ്ടാകുന്നു. മോട്ടോർവാഹന വകുപ്പിൽ നിലവിൽ ഇരുപത്തഞ്ചോളം സേവനങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ വെബ്‌പോർട്ടൽവഴി നിലവിൽ നടപ്പാക്കിയിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണത്തിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ചൂഷണം ഒഴിവാക്കാനും വേഗത്തിൽ സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റിയത്. എന്നാൽ, വാഹന ഉടമകൾ ഓൺലൈനായി നൽകുന്ന വ്യക്തിഗത അപേക്ഷകൾ ആർ.ടി ഓഫീസ് അധികൃതർ വൈകിപ്പിക്കുന്നു. ഇടനിലക്കാരില്ലാതെ നൽകുന്ന അപേക്ഷകൾ സ്വീകരിച്ചശേഷം പിന്നീട് അപേക്ഷയിലെ വിവരങ്ങൾ പൂർണമല്ലെന്നുപറഞ്ഞ് ഉടമയെ വട്ടംകറക്കുന്നതായാണ് ആരോപണം. എന്നാൽ, ഇതേ അപേക്ഷ ഏജന്റുമാർവഴി നൽകിയാൽ വേഗം നടപടിയുണ്ടാകുന്നതിനാൽ എല്ലാവരും ഏജന്റുമാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ലേണിംഗ് ലൈസൻസ്, ഡ്യൂപ്‌ളിക്കേറ്റ് ലൈസൻസ്, ആർ.സി അഡ്രസ് മാറ്റം, രജിസ്‌ട്രേഷൻ പുതുക്കൽ, പെർമിറ്റ് പുതുക്കൽ, ഓണർഷിപ്പ് മാറ്റം, പുതിയ ബാഡ്ജ് തുടങ്ങിയ സേവനങ്ങൾക്കെല്ലാം ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻസേവനം തുടങ്ങിയെങ്കിലും അതിന്റെ പ്രയോജനം പൂർണമായി ലഭിക്കാത്തതിനാൽ വ്യക്തിഗത അപേക്ഷകരെ സഹായിക്കാനായി ട്രാൻസ്‌പോർട്ട് കമീഷണറുടെ നിർദേശപ്രകാരം ആർടി ഓഫീസുകളിൽ ഇ സേവാകേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. ഇന്റർനെറ്റ് കൈകാര്യംചെയ്യാൻ അറിയാത്തവരെ സഹായിക്കാനാണ് ഇ സേവാകേന്ദ്രങ്ങൾ തുടങ്ങിയത്. എന്നാൽ ഇ സേവാകേന്ദ്രങ്ങൾ തുടങ്ങിയിട്ടും ഇടനിലക്കാരുടെ ചൂഷണം പതിവുപോലെ തുടരുന്നതായി ഉപഭോക്താക്കൾ പറയുന്നു. ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഈ രീതികൾ അന്വേഷിച്ചശേഷം കർശന നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ പറഞ്ഞു.