വൈക്കം: ബി.ജെ.പി മനുഷ്യന്റെ സമത്വസങ്കല്പങ്ങളെയെല്ലാം നിരാകരിച്ച് രാജ്യത്തെ മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് തിരിച്ചുനടത്താൻ ശ്രമിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വൈക്കത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകൾക്ക് മുൻപുള്ള തെറ്റായ സാമൂഹിക വ്യവസ്ഥകൾ മടക്കി കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. അതിന് വേണ്ടി സ്വകാര്യ സേനകളെ തയ്യാറാക്കുന്നു. നാം എന്ത് ഭക്ഷണം കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ആരോട് സംസാരിക്കണം എന്നെല്ലാം അവർ നിർദ്ദേശിക്കുന്നു. ഹിന്ദു ഭീകരത, മുസ്ലിം ഭീകരത, ക്രിസ്ത്യൻ ഭീകരത എന്നൊന്നില്ല. മതത്തെ ഉപയോഗിച്ച് ചിലർ നടത്തുന്നതാണ് ഭീകരത. സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവുമൊക്കെ പറഞ്ഞ കാര്യങ്ങൾ നാം മറക്കരുത്. മോദി ഭരണത്തിൽ രാജ്യത്തിന്റെ മതേതര അടിത്തറ തകർക്കപ്പെട്ടു. തൊഴിലില്ലായ്മ മറ്റേത് കാലത്തെക്കാളും രൂക്ഷമായി. സാധാരണക്കാരനും ഇടത്തരക്കാരനും ഇവിടെ ജീവിക്കാൻ പറ്റാതായി. ബി.ജെ.പിയുടെ അതേ സാമ്പത്തിക നയങ്ങൾ തന്നെയാണ് കോൺഗ്രസും പിന്തുടരുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ ഇടതുപക്ഷം ശക്തിപ്പെടണം. അതിന് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
സമ്മേളനത്തിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, വി.എൻ. വാസവൻ, അഡ്വ. പി.കെ. ഹരികുമാർ, സി.കെ. ആശ എം.എൽ.എ, കെ. അരുണൻ, കെ. ശെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.