വൈക്കം: യാത്രക്കാർക്ക് ദുരിതമായി പൊട്ടിപൊളിഞ്ഞ് കിടന്ന വൈപ്പിൻപടി പെരുഞ്ചില്ല റോഡ് നിർമാണം തുടങ്ങി. ഒരാഴ്ചയ്ക്കകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. മാർച്ച് മാസം തീരും മുൻപ് പണി തീർത്തില്ലെങ്കിൽ അനുവദിച്ച തുക റദ്ദായി പോകുമോ എന്ന ഭീതിയിലായിരുന്നു ജനങ്ങൾ. അതിനിടെ റോഡിന്റെ നിർമ്മാണം വൈകുന്നത് വാർത്തയും വിവാദവുമായി. എന്നാൽ തുക റദ്ദാകാൻ ഇടയാക്കാതെ പണി തുടങ്ങി. റോഡ് ഏറെ നാളായി കുണ്ടും കുഴിയുമായി കിടക്കുകയാണ്. കാൽനട യാത്ര പോലും ദുരിതപൂർണ്ണമായിരുന്നിവിടെ. ഒരു കിലോമീറ്ററോളം നീളമുള്ള റോഡിനിരുവശവും സാധാരണക്കാരും പിന്നാക്കക്കാരുമാണ് താമസിക്കുന്നത്. ഇത് പരിഗണിച്ചാണ് റോഡിനു തുക അനുവദിച്ചത്. നിലവിൽ റോഡ് പൂർണമായും കുത്തിപ്പൊളിച്ചു വീണ്ടും നിർമിക്കാനാണ് പദ്ധതി. നഗരസഭ രണ്ടാം വാർഡിലാണ് റോഡ്. വാർഡ് കൗൺസിലർ ജി.ശ്രീകുമാരൻ നായരുടെ ശ്രമഫലമായാണ് അനുവദിച്ച തുക നഷ്ടമാകാതെ റോഡിന്റെ പുനർനിർമ്മാണം തുടങ്ങിയത്.