post

ചങ്ങനാശേരി : ആധുനിക നിലവാരത്തിൽ റോഡ് ടാറിംഗ് പൂർത്തിയാക്കിയിട്ടെന്ത് കാര്യം. വഴിമുടക്കികളായി അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകൾ ഇങ്ങനെ നിൽക്കുമ്പോൾ യാത്രക്കാരുടെ ദുരിതം എവിടെ തീരാൻ. വാഹനങ്ങളിടിച്ചാണ് ഭൂരിഭാഗം പോസ്റ്റുകളും തകർന്നത്. എന്നാൽ ഇത് അറ്റകുറ്റപ്പണി ചെയ്യാനോ മാറ്റി സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. പുതിയ പോസ്റ്റുകൾ ഇവയുടെ ചുവട്ടിൽ കൊണ്ടു വന്നിട്ടിട്ടുണ്ട്. ഇതോടെ കാൽനടയാത്രയും അസാദ്ധ്യമായി. ചില പോസ്റ്റുകളാകട്ടെ തുരുമ്പെടുത്ത് നശിക്കുകയാണ്. പുതിയ പോസ്റ്റുകൾ റോഡിലേക്ക് ഇറക്കി സ്ഥാപിക്കുന്നതിനാൽ വാഹനങ്ങൾ ഇടിച്ച് തകരുന്നത് പതിവാണ്.

മരക്കഷണം വച്ച് കെട്ടിയും താങ്ങ് കൊടുത്തുമാണ് പോസ്റ്റുകൾ നിൽക്കുന്നത്. ഏത് നിമിഷവും ഇവ നിലംപൊത്തുമെന്ന ഭയത്തിലാണ് യാത്രക്കാർ. ടെലിഫോൺ പോസ്റ്റുകളും അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ടെലിഫോൺ കണക്ഷനുകൾ കേബിൾ വഴി മണ്ണിനടിയിലൂടെയാക്കി നൽകിയതോടെയാണ് പാതയോരങ്ങളിലെ പോസ്റ്റുകൾ ഉപയോഗശൂന്യമായത്. അധികൃതർ തിരിഞ്ഞു നോക്കാതായതോടെ പലയിടത്തും ഇവ പാലങ്ങൾക്കും, വഴിയരികിൽ ഇരിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചു തുടങ്ങി. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മണ്ണ് നീക്കം ചെയ്തതോടെയാണ് പല പോസ്റ്റുകളും അപകടാവസ്ഥയിലായത്.