agriculture

കുറവിലങ്ങാട് : കത്തുന്ന വേനലിൽ വാഴകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെ കണ്ണീർതോരാതെ കർഷകർ. കുറവിലങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള വാഴത്തോട്ടങ്ങളിൽ കുലച്ച വാഴകൾ അടക്കം ഉണങ്ങിയിട്ടുണ്ട്. ജലക്ഷാമമുണ്ടെങ്കിലും കൃത്യമായി നനയ്ക്കുന്ന വാഴകളാണ് നാശം സംഭവിച്ചിരിക്കുന്നത്. വിലത്തകർച്ചയ്ക്കു പുറമെയാണ് വേനൽച്ചൂടും കർഷകരെ പ്രഹരിച്ചത്.

ഏത്തവാഴ, ഞാലിപ്പൂവൻ, പാളേങ്കോടൻ, തുടങ്ങിയവയാണ് മേഖലയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. നല്ലരീതിയിൽ വിളവും വിലയും ലഭിക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്താൽ മെച്ചപ്പെട്ട ലാഭം കർഷകർക്കു ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം അവസ്ഥയാകെ മാറി. മുമ്പെങ്ങുമില്ലാത്ത തരത്തിൽ വാഴക്കുലയുടെ വില ഇടിഞ്ഞു. കിലോയ്ക്ക് 50 രൂപ വരെ കിട്ടിയിരുന്ന ഞാലിപ്പൂവൻ 25 രൂപയ്കാണ് കർഷകരിൽ നിന്ന് കച്ചവടക്കാർ മേടിക്കുന്നത്. ഏത്തക്കുലയ്ക്കാകട്ടെ 35 രൂപയും. ഭൂരിഭാഗം കർഷകരും വായ്പയെടുത്താണ് ഇത്തവണ കൃഷി ഇറക്കിയത്. തിരിച്ചടവ് മുടങ്ങുമോയെന്ന ആശങ്കയിലാണ് ഇവർ.