കോട്ടയം: തിരഞ്ഞെടുപ്പ് അടുത്തത്തോടെ കട്ടയ്ക്കുള്ള പ്രചരണത്തിലാണ് മൂന്ന് മുന്നണികളും. വി.എൻ.വാസവനും തോമസ് ചാഴികാടനും പത്രിക സമർപ്പിച്ചപ്പോൾ പി.സി.തോമസ് അവസാന ദിവസമായ ഇന്ന് പത്രിക സമർപ്പിക്കും. പരമാവധി റോഡ് ഷോകളും പര്യടനങ്ങളും നടത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.

... മലയോരത്ത് വാസവൻ

മലയോരമേഖലയിൽ വി.എൻ.വാസവന്റെ പര്യടനത്തിൽ വൻ ജനപങ്കാളിത്തം. പാലാ മണ്ഡലത്തിലെ കടനാട്, മേലുകാവ്, മുന്നിലവ്, തലനാട്, തലപ്പുലം പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാവിലെ തലനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ നിന്ന് സ്വീകരണം ആരംഭിച്ചു. ഇന്നലെ 44 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നാസിക് ഡോളിന്റെ താളപ്പെരുക്കത്തിൽ സ്വീകരണ യോഗങ്ങൾ പ്രകമ്പനം കൊണ്ടു.
രാമപുരം കവലയിൽ കർഷകത്തൊഴിലാളി ഏലി ഔസേഫ് സ്വീകരിച്ചു. കടനാട് പള്ളിക്ക് സമീപം റബർ ഷീറ്റ് നൽകിയായിരുന്നു സ്വീകരണം. കൊടുമ്പിടിയിലെ സ്വീകരണ കേന്ദ്രത്തിൽ കൊന്നപ്പൂക്കൾ നൽകിയപ്പോൾ നീലൂരിൽ ആപ്പിളും, പൈനാപ്പിളും സപ്പോട്ടയും അടക്കമുള്ള പഴവർഗങ്ങൾ കോർത്ത മാല അണിയിച്ചു സ്വീകരിച്ചു.

.. പിറവത്തെ ഇളക്കി ചാഴികാടൻ

പിറവത്തായിരുന്നു ഇന്നലെ ചാഴികാടന്റെ പര്യടനം. രാവിലെ എട്ടോടെ തിരുവാങ്കുളം ട്രാക്കോ കേബിൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം മുൻ എം.എൽ.എ വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ അടക്കം നിരവധി യു.ഡി.എഫ് നേതാക്കൾ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പം അണിനിരന്നു.

തിരുവാങ്കുളം, മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ എന്നിവിടങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം. എല്ലാ കേന്ദ്രങ്ങളിലും പുഷ്പ വൃഷ്ടിയും, കരകാട്ടവും, സ്ഥാനാർത്ഥിയുടെ കട്ടൗട്ടുകളുമൊരുക്കി. ഇന്ന് പാലാ നിയോജക മണ്ഡലത്തിലാണ് പര്യടനം. പാലാ, മൂന്നിലവ്, തലനാട്, കടനാട്, മേലുകാവ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയ്ക്ക് വൻ സ്വീകരണം ഒരുക്കും.

.. പാലായിൽ പി.സി തോമസ്

ഇന്ന് പത്രിക സമർപ്പിക്കുന്ന പി.സി. തോമസ് ഇന്നലെ പാലായെ ഇളക്കി മറിച്ച പര്യടനം നടത്തി. തലപ്പുലം അമ്പാറ അമ്പലനടയിൽ നിന്ന് തുടങ്ങിയ പ്രചരണം പാല മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലൂടെ കടന്നുപോയി. ബി.ജെ.പി സംസ്ഥാന സമിതിയംഗം ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടയിലായിരുന്നു പ്രചരണം. സി.പി.എമ്മിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നവരെ ജില്ലാ പ്രസിഡന്റ് എൻ.ഹരി സ്വീകരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം ചലച്ചിത്ര ബാലതാരം ജോർജി ജെമിനി നൽകി.