കോട്ടയം : ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. സഹോദരങ്ങൾക്കൊപ്പം ബിഗ്ബസാറിൽ എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാർ നഗ്‌നരാക്കി പരിശോധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ബന്ധുക്കൾക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോൾ പിന്നാലെയെത്തിയ ജീവനക്കാർ കുട്ടികളെ തടഞ്ഞ് നിറുത്തി പാന്റും ഷർട്ടും ഊരി പരിശോധന നടത്തുകയായിരുന്നു. സി.സി.ടി.വി നോക്കാമല്ലോയെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ കൂട്ടാക്കിയില്ല. പരസ്യമായി പരിശോധന നടത്തിയതോടെ കുട്ടികൾ മാനസികമായി തകർന്നെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയെ തുടർന്ന് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും നഗ്നരാക്കി പരിശോധിക്കുന്നതായി കണ്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. കുട്ടികൾ പോകുമ്പോൾ സിഗ്നൽ സൗണ്ട് കേട്ടതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ പോക്കറ്റിൽ പരിശോധന നടത്തുന്നുണ്ട്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം പരാതിക്ക് അടിസ്ഥാനമുണ്ടെങ്കിൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മിഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.