ചങ്ങനാശേരി: കറുകച്ചാൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാർട്ടേഴ്‌സുകൾ കാട്പിടിച്ച് നശിക്കുന്നു. അറ്റകുറ്റപണികൾ നടത്താതിനാൽ മൂന്നര ഏക്കറോളം സ്ഥലമാണ് കാട് കയറി നശിക്കുന്നത്. ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കുമായി നിർമിച്ച ക്വാർട്ടേഴ്സുകളിൽ ഭൂരിഭാഗവും നാശത്തിന്റെ വക്കിലായതിനാൽ ആൾത്താമസവും കുറഞ്ഞിരിക്കുകയാണ്. കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ ഓരോന്നായി തകർന്നുവീണ് തുടങ്ങിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ മേൽക്കൂരകൾ ഓരോന്നായി നിലംപൊത്തുകയും ഭിത്തിയടക്കം ഇടിഞ്ഞുവീഴുകയുമാണ്. നിലവിൽ മൂന്ന്
ക്വാർട്ടേഴ്‌സുകളിൽ മാത്രമാണ് താമസക്കാരുള്ളത്.
ഓട് മേഞ്ഞ കെട്ടിടത്തിന്റെ പട്ടികകൾ തകർന്നതും മഴക്കാലത്തെ ചോർച്ചയും പതിവാണ്. ടാർപ്പോളിനും പ്ലാസ്റ്റിക്കുകളും ഉപയോഗിച്ചാണ് ഇവർ ചോർച്ചയെ പ്രതിരോധിക്കുന്നത്. ഭിത്തികൾക്ക് ബലക്ഷയവുമുണ്ട്. കാട് പിടിച്ചുകിടക്കുന്നതിനാൽ പാമ്പുകളുടെയും ഇഴജന്തുക്കളുടെയും ശല്യം വളരെ കൂടുതലാണ്. അതിനാൽ, സന്ധ്യമയങ്ങിയാൽ പുറത്തേക്ക് ഇറങ്ങാൻ കഴിയാത്തസ്ഥിതിയാണ്. വർഷങ്ങൾക്കു മുമ്പ് ഇവിടുത്തെ കാടും പടലവും നീക്കിയിരുന്നു. പിന്നീട്, ആരും തന്നെ ശുചീകരിക്കുവാൻ തയ്യാറായിട്ടില്ല. ക്വാർട്ടേഴ്‌സിൽ വെള്ളമില്ലാത്തതും പ്രധാന പ്രശ്‌നമാണ്. പൊലീസ് സ്റ്റേഷനോടുചേർന്നുള്ള കിണറ്റിൽനിന്നാണ് ഇവിടത്തെ കുടുംബങ്ങൾ വെള്ളം എടുത്തിരുന്നത്. എന്നാൽ കിണർ വറ്റിയതിനാൽ വെള്ളം വിലയ്ക്കു വാങ്ങേണ്ട സ്ഥിതിയാണ്.