rotary-club

തലയോലപ്പറമ്പ് : പ്രളയത്തെ തുടർന്ന് താത്കാലിക വീട് നഷ്ടപ്പെട്ട നിർദ്ധന കുടുംബത്തിന് തലയോലപ്പറമ്പ് റോട്ടറി ക്ലബ് സ്‌നേഹവീട് നിർമ്മിച്ച് നൽകും. പാലാംകടവ് കൊല്ലംകണ്ടത്തിൽ ശോഭനനാണ് സൗജന്യമായി വീട്‌ നിർമ്മിച്ചു നൽകുന്നത്. തലയോലപ്പറമ്പ് റോട്ടറി ക്ലബിന്റെ അപേക്ഷ പരിഗണിച്ച് റോട്ടറി ഡിസ്ടിക്ട് 3211 ന്റെയും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്​റ്റർ ഹോംസി ന്റെയും സംയുക്താഭിമുഖ്യത്തിലാണ് വീട് പണിത് നൽകുന്നത്. സ്‌നേഹ വീടിന്റെ നിർമ്മാണ സമ്മതപത്രം ശോഭനന് റോട്ടറി ഡിസ്ട്റിക്ട് ഗവർണർ ഇ.കെ. ലൂക്ക് കൈമാറി.

റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്, ലാലു ജോസഫ്, ഗംഗാധരൻ നായർ, ഷിജോ പി.എസ്, ഡോ.രാജ് കുമാർ, ജോഷി വലിയ തറയിൽ, സാബു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ഡോ.ആസാദ് മൂപ്പൻ ചെയർമാനായുള്ള ആസ്​റ്റർ ഹോംസും റോട്ടറി ഡിസ്ട്റിക്ടും സംയുക്തമായി 6 ലക്ഷം രൂപ ചെലവഴിച്ച് 4 മാസങ്ങൾക്കുള്ളിൽ വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറും. കെട്ടിട നിർമ്മാണ തൊഴിലാളിയായ ശോഭനൻ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. നിലവിൽ പ്ലാസ്​റ്റിക്ക് പടുത വലിച്ച് കെട്ടിയ ഒ​റ്റമുറിയിലാണ് താമസം.