slab

പാലാ: പൊൻകുന്നം ഹൈവേയിൽ പൈക ജംഗ്ഷനിലെ ഓടയ്ക്ക് 'ഉറച്ച' സ്ലാബിടാൻ ആളുണ്ടോ...? നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. വെറും ചോദ്യമല്ല ഇത്. കഴിഞ്ഞ 6 മാസത്തിനിടെ ഇവിടെ നാലു തവണയാണ് സ്ലാബുകൾ തകർന്നത് !

കഴിഞ്ഞ ദിവസവും ഒരു ഭാര വണ്ടി കടന്നു പോയപ്പോൾ സ്ലാബ് തകർന്നു. പൈക ജംഗ്ഷനിൽ നിന്നും പിണ്ണാക്കനാടിനുള്ള റോഡ് ജംഗ്ഷനിലെ സ്ലാബുകളാണ് നിരന്തരം 'വാഴാതിരിക്കുന്നത് '. കഴിഞ്ഞ ഡിസംബർ 31നാണ് പൈക ജംഗ്ഷനിലെ സ്ലാബുകളുടെ ശനിദശ തുടങ്ങിയത്. തടി കയറ്റിയ ഒരു ലോറിയായിരുന്നൂ ആദ്യ വില്ലൻ. ഉറപ്പിച്ചിട്ട സ്ലാബ് ലോറി കയറിയതേ രണ്ടായി ഒടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതവും ഇതോടെ മുടങ്ങി. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടെങ്കിലും കെ.എസ്.ടി.പിയും , പി.ഡബ്ലൂ.ഡിയും വഴിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കിച്ചതോടെ സ്ലാബുകൾ കുറേ ദിവസം തകർന്നു തന്നെ കിടന്നു. പിന്നീട് കെ.എസ്.ടി.പി. അധികാരികളെത്തി വീണ്ടും ഇവിടെ സ്ലാബിട്ടു.

പിന്നീട് ജനുവരിയും, ഫെബ്രുവരിയിലുമായി രണ്ട് തവണ കൂടി സ്ലാബുകൾ തകരുകയും, മാറ്റിയിടുന്ന പണികൾ ആവർത്തിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ ഒരു ഭാരവണ്ടി പോയപ്പോൾ സ്ഥിതി വീണ്ടും പഴയ പടി! ബസുകളും കണ്ടയ്‌നർ ലോറികളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന വഴിയാണിത്. പൈക ജംഗ്ഷനിലെ ഏറ്റവും തിരക്കേറിയ ഭാഗവും ഇവിടെത്തന്നെ.