ചങ്ങനാശേരി: പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡരികിൽ കുഴികൾ എടുക്കുന്ന ജോലികൾ ആരംഭിച്ചതോടെ നാളുകളായുള്ള കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തുരുത്തി ശുദ്ധജല പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കു തുടക്കമായി. വാഴൂർ റോഡിന്റെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ എം സി റോഡിൽ പാലാത്രച്ചിറ ജംഗ്ഷൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഉന്നത നിലവാരത്തിൽ ചങ്ങനാശേരി ബൈപാസ് ടാർ ചെയ്തു കഴിഞ്ഞാൽ അടുത്ത അഞ്ചു വർഷത്തേക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പോ, ഫോൺ കേബിളോ സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടാറിംഗിനു മുമ്പ് ഈ ഭാഗത്ത് പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ വേഗത്തിലാക്കിയത്. ബൈപാസ് റോഡിൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പൈപ്പ് സ്ഥാപിക്കൽ ജോലികൾ നടത്താൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ധാരണയായത്.
ശുദ്ധജല ക്ഷാമം അതിരൂക്ഷമായ വാഴപ്പള്ളി പഞ്ചായത്തിലെ നാലു വാർഡുകളിലും കുറിച്ചി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രൊജക്ട് റിപ്പോർട്ട് 2016 ലാണ് സമർപ്പിച്ചത്. 2017 ൽ ആലുവ ആസ്ഥാനമായുള്ള കരാറുകാരൻ 3.16 കോടി രൂപയ്ക്കു പദ്ധതിയുടെ കരാർ ഏറ്റെടുത്തു. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനു പി.ഡബ്ല്യു.ഡി വിഭാഗത്തിന് അടയ്‌ക്കേണ്ട തുകയിൽ ഭീമമായ വർധന വരുത്തിയതോടെ പദ്ധതി പ്രതിസന്ധിയിലായിരുന്നു.
പദ്ധതി ഇങ്ങനെ
ചെറുകരക്കുന്നിലുള്ള കറ്റോട് പദ്ധതിയുടെ ടാങ്കിൽ നിന്ന് നഗരസഭാ റോഡിലൂടെ പൈപ്പ് ലൈൻ വലിച്ച് വാഴൂർ റോഡിൽ പാറേൽ പള്ളിക്കു സമീപമെത്തി റെയിൽവേ മേൽപാലം കടന്ന് ബൈപാസ് റോഡിലെത്തുകയും ഇവിടെ നിന്ന് എം.സി. റോഡിൽ പാലാത്ര ചിറയിൽ പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് കെ.എസ്.ടി.പി സ്ഥാപിച്ചിട്ടുള്ള 200 എംഎം ജിഐ പൈപ്പിലൂടെ തുരുത്തി മിഷൻ പള്ളിക്കു സമീപം സ്ഥാപിക്കുന്ന ഗ്രൗണ്ട് ലെവൽ ടാങ്കിൽ വെള്ളം എത്തിക്കുകയും ചെയ്യും. ഇവിടെ നിന്നു മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഓവർഹെഡ് ടാങ്കിലെത്തിച്ച് ജലവിതരണം നടത്തും.
ഒടുവിൽ പരിഹാരം
മൂവായിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുന്ന പദ്ധതി നിലയ്ക്കുന്നതു സംബന്ധിച്ചു കരാറുകാരും ഉദ്യോഗസ്ഥരും പദ്ധതി ഭാരവാഹികളും വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുർച്ചയായി പൈപ്പ് ഇട്ടതിനു ശേഷം സ്വന്തം ഉത്തരവാദിത്തത്തിൽ കുഴികൾ മൂടി റോഡ് പൂർവ സ്ഥിതിയിലാക്കാമെന്നു വാട്ടർ അതോറിറ്റി പി.ഡബ്ല്യു.ഡിയുമായി കരാറുണ്ടാക്കി. ഒരു മീറ്റർ വീതിയിൽ 2.350 കിലോമീറ്റർ ദൂരത്താണ് ബൈപാസിൽ കുഴി എടുക്കുന്നത്. ബാക്കിയുള്ള ഭാഗത്ത് പൈപ്പ് ഇടുന്നതിനായി കുഴി എടുക്കാൻ റെയിൽവേയുമായും നഗരസഭയുമായും സമാനമായ രീതിയിൽ ധാരണയുണ്ടാക്കി പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കാമെന്ന വിശ്വാസത്തിലാണ് ശുദ്ധജല പദ്ധതി ഭാരവാഹികളും ഉദ്യോഗസ്ഥരും.